മടിയന്റെ (ജയറാമിന്റെ) ഒരു ദിവസം

അഭിനയത്തില്‍ വലിയ അഭിനിവേശമുള്ള ജയറാം വീട്ടില്‍ കുഴിമടിയനാണ്. വീട്ടിലാണെങ്കില്‍ സൂര്യന്‍ ഏണീറ്റുകഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാലും താരം ഉറക്കത്തിലായിരിക്കും. 27 കൊല്ലമായി ജയറാം സിനിമയിലെത്തിയിട്ട്. ലൊക്കേഷനിലാണെങ്കില്‍ രാവിലെ അഞ്ചരയോടെ ഉണരും. ആറ് മുതല്‍ ഏഴ് വരെ വ്യായാമം. സഹായത്തിന് ട്രെയിനറുണ്ട്. കൂടെ ഒരു മൊബൈല്‍ ജിമ്മും.
ആദ്യം ചരമക്കോളം
പല സ്ഥലങ്ങളിലും പല പത്രങ്ങളാണ് ലഭിക്കുന്നത്. ഏത് കിട്ടിയാലും ആദ്യം ചരമക്കോളം നോക്കും. വേണ്ടപ്പെട്ടവര്‍ വല്ലോം മരിച്ചിട്ടുണ്ടോ എന്നറിയാന്‍. സ്‌പോട്‌സ് പേജ് അവസാനമേ വായിക്കൂ. അത് കഴിഞ്ഞ് കുളിച്ച് ഫ്രഷായി അഞ്ച് മിനിറ്റ് പ്രാര്‍ത്ഥിക്കും. എന്റെ ഗുരുനാഥന്‍ പത്മരാജന്‍ സാര്‍, എന്റെ അച്ഛന്‍, ഗുരുവായൂരപ്പന്‍, പിന്നെ ചോറ്റാനിക്കരയമ്മ എന്നിവരെയാണ് നമിക്കുന്നത്.
വയറു നിറച്ച് കഴിക്കില്ല
ഒരിക്കലും ഞാന്‍ വയറു നിറച്ച് കഴിക്കില്ല. മേക്കപ്പ് ഇട്ട ശേഷമാണ് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നത്. ഓട്‌സോ, പപ്പായയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഫ്രൂട്ട്‌സോ ആണ് സാധാരണ കഴിക്കുന്നത്. ഇതൊന്നും കിട്ടിയില്ലെങ്കില്‍ ലൊക്കേഷനിലെ ഫുഡ് കഴിക്കും. ഇഡ്‌ലി, ദോശ, ചമ്മന്തി, സാമ്പാര്‍ എന്നിവ വലിയ ഇഷ്ടമാണ്.
ഉച്ചയ്‌ക്ക് ഊണില്ല, ചെറുമയക്കം
പെട്ടെന്ന് തടിവയ്‌ക്കുന്ന ശരീര പ്രകൃതമാണ് എന്റേത് അതുകൊണ്ട് ഉച്ചയ്‌ക്ക് ഊണ് കഴിക്കാറില്ല. ചപ്പാത്തിയും വെജിറ്റബിളുമാണ് പതിവ്. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ നല്ല പച്ചവെള്ളമോ, കരിക്കോ കുടിക്കും. ഭക്ഷണം കഴിഞ്ഞാല്‍ അര മണിക്കൂര്‍ മയങ്ങണം. അത് നിര്‍ബന്ധമാണ്. ലൊക്കേഷനില്‍ ചെന്നാല്‍ അതിനിടമുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കുന്നത്.
കാപ്പികുടി നിര്‍ത്തിച്ചത് മമ്മൂട്ടി
വൈകുന്നേരം നാലു മണിക്ക് നല്ലൊരു കാപ്പി കിട്ടിയാല്‍ വളരെ സന്തോഷം. ചെറുപ്പം മുതലേ ഉള്ള ശീലമാണ്. ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞു കാപ്പികുടിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന്. അങ്ങനെ നിര്‍ത്തി. അടുത്തിടെ കണ്ടപ്പോള്‍ മമ്മുക്ക ചോദിച്ചു; ടാ നിനക്ക് കാപ്പി വേണോ. കാപ്പിയോ ഇക്കയല്ലേ പറഞ്ഞത് കാപ്പി മാറ്റി കട്ടന്‍ ചായ കുടിക്കാന്‍. ഒടുവില്‍ അസിസ്റ്റന്റിനെ കൊണ്ട് നല്ലൊരു കാപ്പി ഉണ്ടാക്കിത്തന്നു. അങ്ങനെ വീണ്ടും കാപ്പി കുടിയനായി.
രാത്രിയും ചപ്പാത്തി അല്ലെങ്കില്‍ തട്ട്
രാത്രി വൈകുവോളം ഷൂട്ടുണ്ടെങ്കില്‍ അവിടെ നിന്ന് ചപ്പാത്തി കഴിക്കും. ഷൂട്ടിംഗില്ലെങ്കില്‍ റൂമില്‍ വന്ന് ഫ്രഷായ ശേഷം. വീട്ടിലാണെങ്കില്‍ ഞാനും അശ്വതിയും കുട്ടികളും പുറത്ത് ഹോട്ടലിലോ, തട്ടു കടയിലോ പോകും. ഞായറാഴ്‌ച വീട്ടിലുണ്ടെങ്കില്‍ അടുക്കളയില്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്.
https://www.facebook.com/Malayalivartha