ചുമ്മാ ഒരാള്‍ക്കെതിരെ ആരോപണമുന്നയിക്കരുത്... പറയുന്നവര്‍ കൃത്യമായ തെളിവുകള്‍ കൊണ്ട് വരണമെന്ന് ജാഫര്‍ ഇടുക്കി
ജാഫര്‍ ഇടുക്കി എന്ന നടന് മലയാള സിനിമയില്‍ കോമഡി വേഷങ്ങളിലൂടെയാണ് എത്തിയത്. എന്നാല്‍ ഇപ്പോള്‍ നടനെ തേടി വ്യത്യസ്തമായ വേഷങ്ങളെത്തുന്നു. ചുരുളി എന്ന സിനിമയിലെ പ്രകടനമാണ് അടുത്തിടെ ഇതിലേറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത്.
ഇപ്പോള്‍ ഷെയ്ന് നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്കിയതുള്‍പ്പെടെ മലയാള സിനിമയില്‍ നിലവില്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയായിരുന്നു ജാഫര്‍ ഇടുക്കി. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് തനിക്ക് നേരെയും മറ്റൊരു ആരോപണം വന്നിരുന്നെന്നും നിരപരാധിയാണെന്ന് വ്യക്തമായെങ്കിലും അപ്പോഴേക്കും താനനുഭവിക്കാനുള്ളത് അനുഭവിച്ചിരുന്നെന്നും ഇദ്ദേഹം പറയുന്നു.
കുറേ വര്‍ഷം മുമ്ബ് അനുഭവിച്ച യാതനകളുണ്ട്. പ്രധാന ചാനലുകളില്‍ കൂടിയായിരുന്നു കലാഭവന്‍ മണിയുമായുള്ള കാര്യങ്ങളൊക്കെ വന്ന് കൊണ്ടിരുന്നത്. ഇന്ന് ആ കേസൊക്കെ തള്ളിപ്പോയി. ഇനി എന്നോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം. ഞാന്‍ അനുഭവിക്കാനുള്ളത് അനുഭവിച്ചു. കാര്യമറിയാതെ കുറേ സംസാരിച്ചു. ഞാനൊരു വൈദിക കുടുംബത്തിലുള്ള ആളാണ്. ഒരു വ്യക്തിക്ക് മേല്‍ ആരോപണം ഉന്നയിക്കുമ്ബോള്‍ കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ അയാള്‍ പ്രതിയല്ലല്ലോ.
അന്ന് സോഷ്യല്‍ മീഡിയയൊന്നുമില്ല. പക്ഷെ ഇന്നാണെങ്കില്‍ ഈ ഒറ്റക്കാരണം കൊണ്ട് വീട്ടിലിരിക്കേണ്ടി വന്നേനെ. നമ്മള് വാ തുറന്നാല്‍ മറ്റുള്ളവര്‍ അറിയും. അതിനാല്‍ നമ്മള് മാനം മര്യാദയ്ക്ക് ജീവിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുകയെന്നും ജാഫര്‍ ഇടുക്കി അഭിപ്രായപ്പെട്ടു.
ഞാന്‍ ഷെയ്ന് നിഗത്തിനോടൊപ്പം അടുത്ത് അഭിനയിച്ച പടം ഇഷ്കാണ്. എനിക്കാ കുഞ്ഞിനെ അറിയാം. ചെറുപ്പം തൊട്ടേ അറിയാവുന്നതാണ്. ഇന്നേവരെ എനിക്ക് മുഷിപ്പുണ്ടാക്കുന്നതോ, ഈ പറയപ്പെടുന്ന രീതിയില്‍ ലൊക്കേഷനില്‍ വരുന്നതോ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഉള്ള കാര്യമാണ് പറയുന്നത്. എനിക്കിപ്പോഴും നമ്മുടെ മോനെപ്പോലൊരു കുഞ്ഞാണ്. പറയുന്നവര്‍ കൃത്യമായ തെളിവുകള്‍ കൊണ്ട് വരണം. ചുമ്മാ ഒരാള്‍ക്കെതിരെ ആരോപണമുന്നയിക്കരുതെന്നും ജാഫര്‍ ഇടുക്കി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha