നമ്മുടെ സ്വന്തം മമ്മൂക്കയ്‌ക്ക് മലയാളിവാര്‍ത്തയോടൊപ്പം ജന്മദിനാശംസകള്‍ നേരാം
മലയാളികളുടെ മനസിലെ ഒരു സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്ന നമ്മുടെ സ്വന്തം മമ്മൂക്ക. ഓരോ ജന്മദിനങ്ങള്‍ കഴിയും തോറും കൂടുതല്‍ സുന്ദരനായി, കൂടുതല്‍ ഊര്‍ജസ്വലനായി മമ്മൂട്ടി മലയാളി പ്രോക്ഷകരുടെ മുന്നിലെത്തുന്നു. എന്താണ് ഈ ചെറുപ്പത്തിന്റെ രഹസ്യമെന്നൊന്നും മമ്മൂക്കയോട് ചോദിക്കരുത്. ഒരു നേര്‍ത്ത പുഞ്ചിരിയായിരിക്കും ഫലം. ചിട്ടയായ ജിവിതചര്യയാണ് മറ്റ് താരങ്ങളില്‍ നിന്നും മമ്മൂട്ടിയെ വ്യത്യസ്ഥനാക്കുന്നത്. എല്ലാക്കാര്യത്തിലും ഒരു അടുക്കും ചിട്ടയും വേണമെന്ന് മമ്മൂക്കയ്‌ക്ക് വലിയ നിര്‍ബന്ധമാണ്. അത് വീട്ടിലായാലും നാട്ടിലായാലും സെറ്റിലായാലും ശരി. തനിക്ക് മനസിന് പിടിക്കാത്ത കാര്യങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഒന്നും മനസില്‍ വച്ച് പകതീര്‍ക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കും. അത് ലൈറ്റ് ബോയ് അല്ല സൂപ്പര്‍ ഡയറക്‌ടറായിരുന്നാലും ശരി. ഇത് സിനിമാസെറ്റിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ മമ്മൂട്ടിക്ക് ഭയങ്കര ഹെഡ് വെയ്‌റ്റാണ്, അഹങ്കാരിയാണ്... എന്നൊക്കെ പല ആള്‍ക്കാരും ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. പക്ഷെ മമ്മൂക്കയെ അടുത്തറിയുന്നവരാരും അതിന് വില കല്‍പ്പിക്കാറുമില്ല. അത്രയ്‌ക്ക് സ്‌നേഹ സമ്പന്നനാണ് മമ്മൂട്ടി. തികഞ്ഞ ഈശ്വരവിശ്വാസിയും കൂടിയാണ്. അന്യരുടെ ദു:ഖങ്ങളില്‍ ഒരു കൈത്താങ്ങാവാന്‍ മമ്മൂട്ടി എപ്പോഴും മുന്നിലുണ്ടാവും.
ഈ മഹാനടന്റെ എത്രാമത്തെ പിറന്നാളാണ് ഇതെന്ന് പലര്‍ക്കും അറിയാന്‍ ആകാംക്ഷയുണ്ടാവും. സിനിമാക്കാരുടേയും സ്‌ത്രീകളുടേയും വയസും പുരുഷന്മാരുടെ ജോലിയും ചോദിക്കരുതെന്നാണ് നാട്ടുനടപ്പ്. എങ്കിലും പ്രായവും കാലവും ഒളിച്ചുവയ്‌ക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോ. അതിനാല്‍ തന്നെ പല മാധ്യമങ്ങളും മമ്മൂട്ടിയുടെ വയസ് പുറത്തറിയിച്ചു കഴിഞ്ഞു. കേട്ടിട്ടാരും ഞെട്ടരുത്. ഇത് നമ്മുടെ മമ്മൂക്കയുടെ അറുപത്തിമൂന്നാം പിറന്നാളാണ്. മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേര് മലയാളികള്‍ക്കറിയാം പി.എ. മുഹമ്മദ് കുട്ടി. ജനനം സെപ്‌റ്റംബര്‍ 7, 1951. ഇവിടെയാണ് യൗവനം തുടിക്കുന്ന ഈ മഹാനടന്റെ മാഹാത്മ്യം മനസിലാക്കേണ്ടത്. മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ അസൂയാലുക്കളാവാത്ത ചെറുപ്പക്കാരോ ചെറുപ്പക്കാരികളോ ഇല്ലതന്നെ. മമ്മൂട്ടിയുടെ ഫിറ്റായ ശരീരം, ഹെയര്‍സ്റ്റെല്‍ ... ഹൊ! എല്ലാം ആരേയും കൊതിപ്പിക്കുന്നത് തന്നെ. എല്ലാത്തിനുമുപരി മമ്മൂട്ടിയുടെ ഡ്രസ് സെന്‍സാണ് ഏറെ ആകര്‍ഷണം.
മമ്മൂട്ടി സിനിമാ ലോകത്ത് എത്തിയിട്ട് പതിറ്റാണ്ടുകളായി. ഇതിനിടയ്‌ക്ക് ചെറുപ്പക്കാരും സുന്ദരന്മാരുമായ നിരവധി ചോക്കലേറ്റ് നായകന്‍മാര്‍ വന്നുപോയി. അവരുടെ ഇടയിലും ചെറുപ്പക്കാരനായി മമ്മൂട്ടി വിലസി.
ഏകദേശം നാനൂറ് ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. എഴുപതുകളലാണ് മമ്മൂട്ടി സിനിമയിലെത്തിയത്. ആദ്യമഭിനയിച്ച ദേവലോകം എന്ന സിനിമ വെളിച്ചം കണ്ടില്ല. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും കെ.ജി ജോര്‍ജിന്റെ യവനിക എന്ന ചിത്രമാണ് മമ്മൂട്ടിയെ ശ്രദ്ധേയനാക്കിയത്. ജോഷിയുടെ ന്യൂഡല്‍ഹി എന്ന ചിത്രത്തോടെ മമ്മൂട്ടിയുടെ താരപദവി ഉയര്‍ന്നു.
തുടര്‍ന്ന് കൊമേഴ്‌സ്യല്‍ സിനിമകളിലും ആട്ട് സിനിമകളിലും മമ്മൂട്ടി അഭിവാജ്യ ഘടകമായി. അവിസ്‌മരണീയങ്ങളായ കുറേ കഥാപാത്രങ്ങള്‍. അവയില്‍ മിക്കതും മലയാളികളുടെ മനസില്‍ അഴത്തില്‍ പതിയുന്നതായിരുന്നു.
കമലഹാസന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന്‌തവണ നേടാന്‍ മമ്മൂട്ടിക്കായി.
1988ല്‍ ഭാരതസര്‍ക്കാര്‍ മമ്മൂട്ടിക്ക് പത്മശ്രീ നല്‍കി ആദരിച്ചു.
ഈ അറുപത്തിമൂന്നാം വയസിലും മമ്മൂട്ടിയോട് ജയിക്കാന്‍ മലയാള നടന്മാര്‍ക്ക് കഴിയുന്നില്ല എന്നതാണ് ഈ മഹാ നടന്റെ താരമൂല്യം. മമ്മൂക്കയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരു വലിയ ജനസമൂഹം തന്നെയുണ്ട്. അവരുടെ ഭാഗമായി ആ വലിയ നടന്, ഈ ജന്മസുദിനത്തില്‍ എല്ലാ ഭാവുകങ്ങളും നേരുകയാണ് മലയാളിവാര്‍ത്ത. ഒപ്പം പ്രിയവായനക്കാര്‍ക്കും മമ്മൂട്ടിക്ക് ആശംസകള്‍ നേരാം. നിങ്ങളുടെ കമന്റ് രേഖപ്പെടുത്താം.
മലയാളി വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാല്‍ ഈ ലിങ്കില്‍ പോയി Like ചെയ്യുക.
https://www.facebook.com/Malayalivartha