കറുത്ത ഷര്‍ട്ടിന് നിരോധനം, സഖാവ് പൃഥ്വിരാജ് ആകാതിരിക്കാന്‍ മറ്റ് താരങ്ങള്‍
ഒരു ഷര്‍ട്ടിലെന്തിരിക്കുന്നു എന്നൊന്നും പൃഥ്വിരാജിനോട് ചോദിക്കരുത്. ഒരു ഷര്‍ട്ടിട്ടതിന്റെ പേരില്‍ അദ്ദേഹം അനുഭവിച്ച മാനസിക വിഷമം ഒന്നു വേറെതന്നെ. ഷര്‍ട്ടിനേക്കാളും അതിന്റെ നിറമാണ് കുഴപ്പിച്ചത്.
സംസ്ഥാനത്ത് ഉശിരുള്ള നടന്മാര്‍ ഉള്ളപ്പോഴാണ് ഓണാഘോഷ പരിപാടിയിലെ മുഖ്യ അതിഥിയായി പൃഥ്വിരാജിനെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചത്. അതോടൊപ്പം ഇന്ത്യന്‍ സിനിമയിലെ സ്വപ്‌ന റാണിയായ ശ്രീദേവിയും പങ്കെടുക്കുന്നുണ്ട്. നാല് മലയാളികള്‍ ശ്രദ്ധിക്കുന്ന ചടങ്ങായതിനാല്‍ തന്നെ മനോഹരമായ ഒരു സില്‍ക്ക് ജുബ്ബയും ഒരു വെള്ള മുണ്ടും സംഘടിപ്പിച്ചു. ജുബ്ബയുടെ നിറം ഇളം കറുപ്പായത് യാദൃശ്ചികമായി.
എന്നാല്‍ ഇതിന് സമാന്തരമായി കേരളസര്‍ക്കാര്‍ കറുപ്പിന് വിലക്കേര്‍പ്പെടുത്തിയത് പൃഥ്വിരാജ് അറിഞ്ഞില്ല? കരിങ്കൊടിക്കാരെക്കൊണ്ട് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഒരു പ്രവര്‍ത്തകന്റെ ഏടാകൂടങ്ങളെല്ലാം പോലീസ് തച്ചുടച്ചത് ഈ കറുപ്പായിരുന്നു എന്നും പൃഥ്വിരാജ് ചിന്തിച്ചില്ല. മാത്രമല്ല ഈ ഓണോഘോഷ യോഗത്തില്‍ കറുത്തഷര്‍ട്ടിട്ട് പ്രതിഷേധിക്കുമെന്ന് ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കറുത്ത ഷര്‍ട്ടോ ബനിയനോ ഇട്ട ഒരാളെപ്പോലും പോലീസ് കയറ്റിവിട്ടില്ല. ഇതിനിടയ്‌ക്കാണ് വിവിഐപി അകമ്പടിയോടെ പൃഥ്വിരാജ് കറുപ്പിനഴകുള്ള ഷര്‍ട്ടുമായി വന്നത്.
അന്നേ ദിവസം ഒന്നും സംഭവിച്ചില്ല. ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയോടും താരറാണിയോടും നിന്നുമൊക്കെ ഫോട്ടോയും എടുത്തു. ഷര്‍ട്ടിനെപ്പറ്റി ഇടയ്‌ക്ക് സ്വകാര്യമായി ചിലര്‍ അഭിനന്ദിക്കുകയും ചെയ്‌തു.
എന്നാല്‍ പിറ്റേന്നാണ് പാവം പൃഥ്വിരാജ് സാക്ഷാല്‍ സഖാവ് പൃഥ്വിരാജ് ആയത്. ഫേസ്‌ബുക്കുകളില്‍ പൃഥ്വിരാജിന്റെ വീരകൃത്യം പാടിപ്പുകഴ്‌ത്തി. പാര്‍ട്ടിക്കാര്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്ന കറുത്തഷര്‍ട്ടിട്ട പൃഥ്വിയെ അവര്‍ വീരനായകനാക്കി.
ധീരനായ സഖാവിന്റെ പ്രസംഗത്തിലും അവര്‍ ഒരു കമ്മൂണിസ്റ്റ്‌കാരനെ കണ്ടെത്തി. നിയമത്തിനുവിധേയനായി ഒരു ഭരണാധികാരി എങ്ങനെ പെരുമാറണമെന്ന ഐതീഹ്യം ഓണത്തിനുണ്ടെന്നാണ് പൃഥ്വി പറഞ്ഞത്. അത് ഉമ്മന്‍ചാണ്ടിക്കെതിരായാണെന്നും അവര്‍ വ്യാഖ്യാനിച്ചു.
എന്തായാലും പൃഥ്വിരാജ് ആകെ വിഷമത്തിലാണ്. ഒരു ഷര്‍ട്ട് ഇട്ടതിന്റെ പേരില്‍ ഇത്രയ്‌ക്ക് കളിയാക്കേണ്ടിയിരുന്നോ എന്നാണ് പൃഥ്വിക്ക് മനസിലാവാത്തത്. അത് പൂര്‍ണമായും കറുത്ത ഷര്‍ട്ടുപോലുമല്ല. ഫോട്ടോയില്‍ അത് കറുപ്പായെന്നുമാത്രം.
എന്തായാലും പൃഥ്വിരാജിന്റെ ഈ അനുഭവം മറ്റുള്ള വിഐപികള്‍ക്കും ഒരു പാഠമാണ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കറുത്തഷര്‍ട്ട് പൊതുസ്ഥലത്ത് ഉപയോഗിക്കില്ലെന്ന് അവര്‍ ശപഥം ചെയ്‌തിരിക്കുകയാണ്. അതെ കേരളത്തില്‍ കറുത്തഷര്‍ട്ടിന് താല്‍ക്കാലിക നിരോധനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha