ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ നീതിപൂർവകമായ അന്വേഷണം വേണമെന്ന് അതിജീവിത...
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ, തന്നെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ നീതിപൂർവകമായ അന്വേഷണം വേണമെന്നും പരിശോധിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് വിചാരണക്കോടതിയ്ക്ക് കത്ത് നൽകി യുവനടി. ഒരു വിവോ ഫോണിൽ കാർഡ് ഇട്ട് ദൃശ്യങ്ങൾ കണ്ടതായി പരിശോധനാ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ ഫോൺ ആരുടേതാണെന്ന് കണ്ടെത്തണം. ദൃശ്യങ്ങൾ പുറത്ത് പോകാതെ മുൻകരുതൽ വേണം.
ദൃശ്യങ്ങൾ ചോർന്നാൽ ജീവിതം പ്രതിസന്ധിയിലാകുമെന്നും കത്തിൽ പറയുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിച്ചതിൽ ഒരുമാസത്തിനകം വിശദമായ അന്വേഷണം നടത്താൻ വിചാരണക്കോടതിക്ക് ഹൈക്കോടതി ഡിസംബർ ഏഴിന് നിർദ്ദേശം നൽകിയിരുന്നു. പോലീസ് അടക്കമുള്ള ഏജൻസികളുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിജീവിതയ്ക്ക് പറയാനുള്ള കാര്യങ്ങൾ രേഖാമൂലം നൽകാമെന്നും ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗ്ഗീസിന് കത്ത് നൽകിയത്.
മുമ്പ് മെമ്മറി കാർഡ് പരിശോധനയിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽ സൂക്ഷിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകര്‍ത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമായിരുന്നു അതിജീവിത കോടതയിൽ ഉന്നയിച്ച വാദം. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടതിനെത്തുടർന്നാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ടത്. 2018 ജനുവരി ഒന്‍പത് രാത്രി 9.58 നാണ് കാർഡ് ആദ്യമായി തുറന്നത്.
അന്ന് വിന്റോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുമായി കാർഡ് ബന്ധിപ്പിച്ചു. ഈ സമയം രണ്ട് ഫയലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമതായി തുറക്കുന്നത് അതേ വർഷം ഡിസംബര്‍ 13-ന് രാത്രി 10.58 നാണ്. 2021 ജൂലായ് 19-ന് പകല്‍ 12.19 നും 12.54 നുമാണ് മൂന്നാമതായി കാർഡ് തുറന്നതായി കണ്ടെത്തിയിട്ടുണ്ട്. ജുലൈ 19 ന് പ്രതിയുടെ അഭിഭാഷകന് വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ 12.19നും 12.54നും ഇടയിൽ പ്രതിയുടെ അഭിഭാഷകൻ വിഡിയോ കണ്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.
വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സാധാരണ നിലയിൽ 2 മിനിറ്റ് മതി മെമ്മറി കാർഡ് കോപ്പി ചെയ്യാൻ എന്നാൽ 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിൽ ഉണ്ടായിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇക്കാര്യത്തിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ കടുത്ത എതിർപ്പായിരുന്നു ദിലീപ് കോടതിയിൽ ഉയർത്തിയിരുന്നത്. കേസ് അന്വേഷണം നീട്ടാനുള്ള നീക്കമാണ് നടിയുടേത് എന്നായിരുന്നു ദിലീപിന്റെ വാദം.
എന്നാൽ ഇതിനെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. തുടർന്ന് ഹർജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു അന്വേഷണത്തിന് നിർദ്ദേശിച്ച് കൊണ്ടുള്ള ഹൈക്കോടതി ഇടപെടൽ. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ആണ് ഉള്ളത്. എന്നാൽ ഇത് കോടതിയിൽ വെച്ച് ആരോ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാത്രമാണ് മാറിയതെന്നും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ഇതിനുള്ള തെളിവ് കൈവശമുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha