അയോധ്യയിലെ ശ്രീരാമക്ഷേത്രം... വയലാര്‍ രാമവര്‍മയുടെ പ്രശസ്തമായ വരികളിലൂടെ പ്രതികരിച്ച് ഗായിക സയനോര
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നതിന്റെ പശ്ചാത്തലത്തില്‍ വയലാര്‍ രാമവര്‍മയുടെ പ്രശസ്തമായ വരികളിലൂടെ പ്രതികരിച്ച് ഗായിക സയനോര. സയനോര സമൂഹമാധ്യമങ്ങളില്‍ എഴുതിയ ഹ്രസ്വ കുറിപ്പ് ശ്രദ്ധ നേടുകയാണ്. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.
മതങ്ങള്‍ ദൈവങ്ങളെയും' എന്ന വയലാര്‍ രാമവര്‍മയുടെ പ്രശസ്തമായ വരികളോടൊപ്പം 'ഇപ്പോള്‍ മനുഷ്യരെ മാത്രം കാണാനില്ല' എന്നാണ് ഗായിക കുറിച്ചത്. സയനോരയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങള്‍ അറിയിച്ചു രംഗത്തെത്തുന്നത്. ചിലര്‍ ഗായികയെ പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.
പ്രാണപ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ചും വിമര്‍ശിച്ചും സിനിമാ, സംഗീത രംഗത്തെ നിരവധി പ്രമുഖരാണ് എത്തുന്നത്. പലരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചാണ് പ്രതിഷേധം അറിയിക്കുന്നത്. ഗായകന്‍ ഇഷാന്‍ ദേവ്, സംവിധായകന്‍ ജിയോബേബി, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യപ്രഭ, ആഷിഖ് അബു തുടങ്ങിയവര്‍ തങ്ങളുടെ എതിര്‍പ്പ് സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കി.
അതേസമയം അമിതാഭ് ബച്ചന്‍, ചിരഞ്ജീവി അനുപം ഖേര്‍, രജിനികാന്ത്, ധനുഷ്, അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, വിക്കി കൗശാല്‍, റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അഭിഷേക് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന, രാം ചരണ്‍, രോഹിത് ഷെട്ടി, രണ്‍ദീപ് ഹൂഡ, നടി കങ്കണ റണാവത്ത്, ജാക്കി ഷ്‌റോഫ് തുടങ്ങിയ താരങ്ങള്‍ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
മലയാളത്തില്‍നിന്നു നടന്‍ മോഹന്‍ലാലിനു ക്ഷണം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കുന്നില്ലെന്നാണ് അടുത്തവൃത്തങ്ങളില്‍നിന്നു അറിയാന്‍ സാധിക്കുന്നത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, ബൈജൂസ് ഗ്രൂപ്പിന്റെ ബൈജു രവീന്ദ്രന്‍, പി.ടി.ഉഷ എന്നിവര്‍ ക്ഷണം ലഭിച്ച മലയാളികളിലുള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha