സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണം... നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസ്
സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് വേറിട്ട രീതിയില്‍ ബോധവത്കരണം നടത്തിയ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസ്. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് പൂനം പാണ്ഡെയ്ക്കെതിരെ കേസെടുത്തിയിരിക്കുന്നത്. പരാതിക്കാരന്‍ നൂറ് കോടി രൂപ നഷ്ടപരിഹാരവും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൂനം പാണ്ഡെയ്‌ക്കെതിരേയും മുന്‍ ഭര്‍ത്താവ് ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരേയുമാണ് കേസ്.
മുംബൈ സ്വദേശിയായ ഫൈസാന്‍ അന്‍സാരി എന്നയാളാണ് പരാതിക്കാരന്‍. പൂനവും സാമും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കാണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൂനം പാണ്ഡെ തന്റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ക്കുക മാത്രമല്ല, ബോളിവുഡിലെ എണ്ണമറ്റ ആളുകളുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തുവെന്ന് ഫൈസാന്‍ പറയുന്നു.
ഫെബ്രുവരി രണ്ചിനാണ് പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു പോസ്റ്റ് ചര്‍ച്ചയായത്. സര്‍വിക്കല്‍ ക്യാന്‍സര്‍ കാരണം പൂനം പാണ്ഡെ മരിച്ചുവെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ അടുത്ത ദിവസം തന്നെ ഇത് തെറ്റാണെന്ന് തെളിയുകയും ചെയ്തു. താരം തന്നെ നേരിട്ടെത്തി താന്‍ മരിച്ചിട്ടില്ലെന്നും ഇതൊരു ബോധവത്കരണത്തിന്റെ ഭാഗമായിരുന്നുവെന്നും അറിയിക്കുകയായിരുന്നു.
സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് ഉയരുന്ന വിമര്‍ശനം. ഇതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ എത്തിയിരുന്നു. തന്നെ വെറുത്താലും വിമര്‍ശിക്കുന്നവര്‍ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പൂനം പാണ്ഡെയുടെ പ്രതികരണം.
സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുറിപ്പും താരം പങ്കുവച്ചു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സെര്‍വിക്കല്‍ കാന്‍സര്‍ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ടായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിന്റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഇത് പങ്കുവെക്കണമെന്നും പൂനം പാണ്ഡേ പങ്കുവയ്ക്കുന്ന കുറിപ്പില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha