സിനിമയില്‍ കാമ്പുള്ള ഒരു കഥാപാത്രം ചെയ്യാനായില്ല എന്നതാണ് സങ്കടം; രോഗകാലങ്ങളെ അതിജീവിച്ചത് ഇങ്ങനെ- ബീന ആന്റണി
മതത്തിന് അതീതമായി കലാരംഗത്ത് നിന്നും പങ്കാളിയെ തിരഞ്ഞെടുത്തപ്പോള്‍ എതിര്‍ത്തവരുണ്ടോ എന്ന ചോദ്യത്തിന് രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി ബീന ആന്റണി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബീന ആന്റണി മനസ് തുറന്നത്. എന്നേയും മനുവിനേയും ഒന്നിപ്പിച്ചത് ദൈവമാണ്. കുടുംബത്തില്‍ നിന്നും, പരിചയക്കാരില്‍ നിന്നുമൊക്കെ ഞങ്ങളുടെ വിവാഹത്തിന് ഫുള്‍ സപ്പോര്‍ട്ടാണ് കിട്ടിയതെന്നാണ് ബീന ആന്റണി പറയുന്നത്.
കുട്ടിക്കാലം തൊട്ടേ ഞാന്‍ കാണുന്ന ഒരു കാഴ്ചയുണ്ട്. അപ്പച്ചന്‍ കെട്ടുനിറച്ചു ശബരിമലയക്ക് പോകുന്നത്. ഞങ്ങളേയും വ്രതം എടുപ്പിക്കും. വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ മനുവിന്റെ ഡാഡി പറഞ്ഞതു, നിന്റെ ഇഷ്ടമാണ് പ്രധാനം എന്നാണ്. ഇങ്ങനെ ചുറ്റും നില്‍ക്കുന്നവരെ ഓര്‍ത്ത് അഭിമാനം മാത്രമേ ഉള്ളൂവെന്നാണ് ബീന ആന്റണി പറയുന്നത്.
കൊവിഡിനൊപ്പം രോഗകാലങ്ങളേയും അതിജീവിച്ച്, കരുത്തു പകര്‍ന്നത് ആരാണ്? എന്ന ചോദ്യത്തിനും ബീന മറുപടി പറയുന്നുണ്ട്. കൊവിഡ്, ന്യുമോണിയ, മനുവിന്റെ ബെല്‍സ് പാല്‍സി, ആ കാലം വല്ലാതെ ഉലച്ചു. ആദ്യത്തെ ഷോക്ക് സഹോദരിയുടെ മകന്റെ മരണത്തിന്റെ രൂപത്തിലായിരുന്നു വന്നത്.
എനിക്ക് കൊവിഡ് കലശലായത് അതിന് ശേഷമാണ്. ആശുപത്രിയില്‍ വച്ച് മമ്മൂക്കയ്ക്കയും ലാലേട്ടനും ഇടവേള ബാബുവിനുമൊക്കെ മെസേജ് അയച്ചിരുന്നു. ഓരോ ദിവസവും വിശേഷങ്ങള്‍ അന്വേഷിച്ചുള്ള അവരുടെ മറുപടി മെസേജുകള്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ പോസിറ്റീവാകും.
കൊവിഡ് മറികടന്നപ്പോഴേക്കും മനുവിന് ബെല്‍സ് പാല്‍സി എന്ന അസുഖം വന്നു. അതിനേയും അതിജീവിച്ചു. അപ്പോഴെല്ലാം ദൈവത്തെ ചേര്‍ത്തുപിടിച്ചു. ഒരാളെപ്പോലും വേദനിപ്പിക്കാനോ മോശക്കാരനാക്കാനോ നിന്നിട്ടില്ല. പറ്റുന്ന രീതിയില്‍ ആളുകള്‍ക്കു സഹയാം ചെയ്യാനേ എന്നും ശ്രമിച്ചിട്ടുള്ളൂ. അതിനൊക്കെ മറുപടിയായി കിട്ടുന്ന ദൈവാനുഗ്രഹമാണ് ജീവിതത്തിലെ ബലമെന്നാണ് ബീന ആന്റണി പറയുന്നത്.
40 വര്‍ഷങ്ങള്‍. തിരിഞ്ഞ് നോക്കുമ്പോള്‍ സന്തോഷവും സങ്കടവും എന്തൊക്കെയാണ്? എന്നതായിരുന്നു മറ്റൊരു ചോദ്യം. പ്രേക്ഷകരുടെ മനസില്‍ ഇടം കിട്ടിയതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. 40 വര്‍ഷം ഒരു നീണ്ട കാലയളവല്ലേ. ഓരോ ആളുകള്‍ കാണുമ്പോഴും സന്തോഷത്തോടെ സംസാരിക്കുന്നത് ഓരോ കഥാപാത്രങ്ങളെക്കുറിച്ചാണ്. ആ സ്‌നേഹമാണ് വലിയ ഭാഗ്യമെന്നാണ് ബീന ആന്റണി പറയുന്നത്.
സിനിമയില്‍ കാമ്പുള്ള ഒരു കഥാപാത്രം ചെയ്യാനായില്ല എന്നതാണ് സങ്കടം. എത്ര സീരിയല്‍ ചെയ്താലും ആളുകള്‍ ഓര്‍ത്തിരിക്കുന്നത് സിനിമയിലെ കഥാപാത്രമായിരിക്കും. അങ്ങനെ ഒരെണ്ണം പോലും എന്റെ ക്രെഡിറ്റിലില്ല. സഹോദരി കൂട്ടുകാരി വേഷങ്ങളാണ് സിനിമയില്‍ കിട്ടിയതെല്ലാം. അതില്‍ തളയ്ക്കപ്പെട്ടുവെന്ന് തോന്നിയ കാലത്താണ് നല്ല വേഷങ്ങള്‍ തേടി വന്നത്. ചുവട് മാറാനുള്ള തീരുമാനം ഏറ്റവും ബുദ്ധിപരമായി എന്ന് തന്നെ വിശ്വസിക്കുന്നുവെന്നും താരം പറയുന്നുണ്ട്.
സീരിയല്‍ സിനിമാ രംഗത്ത് പ്രശസ്തയായ താരമാണ് ബീന ആന്റണി. സിനിമയില്‍ കൂടിയാണ് അഭിനയ ലോകത്തേക്ക് താരം കടന്നു വന്നത് പിന്നീട് സീരിയലിലാണ് താരം പ്രശസ്തയായത്. ഒന്നുമുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് ബീന വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. പിന്നീട് ഗോഡ്ഫാദര്‍, കിലുക്കാംപെട്ടി,കൂടിക്കാഴ്ച്ച, നെറ്റിപ്പട്ടം,കനല്‍ക്കാറ്റ് യോദ്ധ,ആര്‍ദ്രം, തുടങ്ങിയ അനേകം സിനിമകള്‍ അഭിനയിച്ച ബീന ആന്റണി, ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന ദൂരദര്‍ശന്‍ സീരിയലിലൂടെയാണ് മിനി സ്‌ക്രീന്‍ രംഗത്തേയ്ക്ക് എത്തിയത്.
അഭിനേത്രി എന്ന നിലയില്‍ തനിക്ക് സിനിമയില്‍ ശോഭിക്കാന്‍ പറ്റാത്തതും, നല്ല കഥാ പാത്രങ്ങള്‍ തന്നെ തേടി വരാതിരുന്നതുമൊക്കെ തനിക്ക് വളരെയധികം വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നുവെന്ന് ഈ ഇടയ്ക്ക് താരം തുറന്ന് പറഞ്ഞിരുന്നു . ബീനയുടെ ഭര്‍ത്താവായ മനോജും സീരിയൽ താരമാണ്. കൂടാതെ ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലും സജീവമാണ്.
https://www.facebook.com/Malayalivartha