നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് സീനിയർ ക്ലാർക്ക് പരിശോധനയ്ക്കായി വീട്ടിൽ കൊണ്ടുപോയി:- അന്വേഷണ റിപ്പോർട്ട് പേടിയോടെയല്ലാതെ വായിക്കാനാകില്ലെന്ന് അതിജീവിത...
നടിക്കെതിരായ ആക്രമണക്കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അടങ്ങിയ ഫയലുകൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ തുറന്നതായി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ജില്ല; സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹൻ പരിശോധനയ്ക്കായി വീട്ടിൽ കൊണ്ടുപോയി എന്നാണ് അന്വേഷണ റിപ്പോർട്ട്. ജില്ല സെഷൻസ് കോടതി ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇത് ഉള്ളത്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എന്താണെന്ന് അറിയാൻ സെഷൻസ് കോടതി ജഡ്ജിയുടെ അനുമതിയോടെയായിരുന്നു ഇതെന്നും അതിനാൽ തെറ്റില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുവെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നു. 2018 ഡിസംബർ 13-ന് രാത്രി 10.58-ന് മെമ്മറി കാർഡ് കോടതി ജീവനക്കാരൻ പരിശോധിച്ചു എന്നത് പേടിയോടെയല്ലാതെ വായിക്കാനാകില്ലെന്നും അതിജീവിത പറയുന്നു. ജഡ്ജിയുടെ അനുമതിയോടെയാണ് മെമ്മറി കാർഡ് വീട്ടിൽ കൊണ്ടു പോയതെന്ന ക്ലാർക്കിന്റെ മൊഴിയിൽ അന്നത്തെ ജഡ്ജിയോട് ചോദിച്ച് വ്യക്തത വരുത്തിയിട്ടില്ല. മെമ്മറി കാർഡ് കൈപ്പറ്റിയ പ്രോപ്പർട്ടി ക്ലാർക്കിന്റെ മൊഴിയും എടുത്തിട്ടില്ല. ആരാണ് അതെന്നുപോലും റിപ്പോർട്ടിലില്ല. ഏത് ദിവസമാണ് താൻ മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയതെന്ന് ഓർമിക്കാൻ കഴിയുന്നില്ലെന്ന് മഹേഷ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
സി.ബി.ഐ. പ്രത്യേക കോടതിയുടെ പരിഗണനയിലിരിക്കെ 2021 ജൂലായ് 19 പകൽ 12.19- നു ശേഷമാണ് മെമ്മറി കാർഡ് പരിശോധിച്ചിരിക്കുന്നത്. ശിരസ്തദാർ താജുദ്ദീനായിരുന്നു ഫോണിൽ പരിശോധന നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ ഫോൺ തിരൂരിനും എറണാകുളത്തിനുമിടയിൽ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടമായി എന്നാണ് താജുദ്ദീൻ മൊഴി നൽകിയിരിക്കുന്നത്.
ഫോൺ 2022 ഫെബ്രുവരിയിൽ നഷ്ടമായി എന്നാണ് പറയുന്നത്. എന്നാൽ, ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു എന്ന വാർത്തയെ തുടർന്ന് തന്റെ ഫോൺ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി എന്ന് താജുദ്ദീൻ മൊഴി നൽകി. എന്നാൽ, മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്തു വരുന്നത് തന്നെ 2022 ജൂലായിലോ ഓഗസ്റ്റിലോ ആണെന്നരിക്കെ ആ വാദം തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കാൻ ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും പരിശോധിച്ചിട്ടില്ല. അന്വേഷണത്തിലെ കണ്ടെത്തൽ മുൻപ് വിദഗ്ധർ കണ്ടെത്തിയതിൽനിന്ന് ഭിന്നമാണ്.
തുടർ നടപടി സ്വീകരിക്കാനുള്ള കണ്ടെത്തലുകളൊന്നുമില്ലെന്ന റിപ്പോർട്ടിലെ പരാമർശവും തെറ്റാണെന്നും ഹർജിയിൽ പറയുന്നു. 51 പേജുള്ള ഉപഹർജിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി മുതൽ ജില്ല സെഷൻസ് കോടതിയിൽ വരെ നടന്ന സംഭവങ്ങളും വിവരിക്കുന്നുണ്ട്.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരേ ഗുരുതര ആരോപണമാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിനും അഭിഭാഷകർക്കും അവർ തന്റെ ലാപ്ടോപ്പിൽ കാണിച്ചുനൽകിയെന്നും പ്രോസിക്യൂഷന്റെ നിർദേശം മറികടന്നായിരുന്നു ഇതെന്നും അഡ്വ. ടി.ബി. മിനി വഴി ഫയൽചെയ്തിരിക്കുന്ന ഉപഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ഇവരെയടക്കം മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച എല്ലാവരെയും സംരക്ഷിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും വിശദീകരിക്കുന്നു.
2017 മാര്‍ച്ച് അഞ്ചിന് അങ്കമാലി മജിസ്‌ട്രേറ്റായി ലീനാ റഷീദ് ചുമതലയേറ്റശേഷമാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. 2017 ഡിസംബര്‍ 15-ന് കേസില്‍ എട്ടാംപ്രതിയായ നടന്‍ ദിലീപ് രണ്ട് അഭിഭാഷകരോടൊപ്പം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി. അവര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് തന്റെ ലാപ്‌ടോപ്പില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു.
ദിലീപ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണിച്ചതെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് നല്‍കിയ മൊഴി അന്വേഷണറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് തെറ്റും നടപടി ആവശ്യപ്പെടുന്ന പെരുമാറ്റദൂഷ്യവുമാണ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍വെച്ച് ദിലീപിന്റെ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ കണ്ടുവെന്നത് അന്വേഷണറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിനെതിരായി ഉപയോഗിക്കാന്‍ കഴിയുന്നതാണിത്. അതൊരുവീഴ്ചയായി കാണാനാകില്ല. ഇത് ജുഡീഷ്യല്‍ ഓഫീസറുടെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുന്നതാണ് എന്ന് ഹർജിയിൽ പറയുന്നു.
https://www.facebook.com/Malayalivartha