ഇത് അനീതിയും ഞെട്ടിക്കുന്നതും! മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത....
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അതിജീവിത രംഗത്ത് എത്തി. മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കോടതിയിൽ പോലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത വ്യക്തമാക്കി. കോടതിയിൽനിന്ന് ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരാണ്. തനിക്ക് മുറിവേറ്റപ്പോള്‍ അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരാണ്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചെന്നു കരുതുന്നില്ല. നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും അതിജീവിത ഇൻസ്റ്റഗ്രാമിൽ പറയുന്നു.
അതിജീവിതയുടെ കുറിപ്പ് ഇങ്ങനെയാണ്...
"ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്‍റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു!
പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്.
ഈ കോടതിയില്‍ എന്‍റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.
എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, നീതിക്കായുള്ള എന്‍റെ പോരാട്ടം ഇനിയും തുടരും. ഓരോ ഇന്ത്യന്‍ പൗരന്‍റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്‍റെ യാത്ര തുടരുകതന്നെ ചെയ്യും. സത്യമേവ ജയതേ."എന്നായിരുന്നു കുറിപ്പ്.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ. കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ നല്‍കണമെന്ന് അതിജീവിതയുടെ ഹര്‍ജിയിൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നിരുന്നു. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് പറഞ്ഞ ജസ്റ്റിസ് കെ ബാബു അതിജീവിതയുടെ മറ്റ് ആവശ്യങ്ങളില്‍ മെയ് 30ന് വാദം കേള്‍ക്കുമെന്ന് അറിയിച്ചു.
അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ മെയ് 30നായിരിക്കും വാദം കേൾക്കുക. അന്വേഷണ റിപ്പോര്‍ട്ടിന് ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും അതിജീവിത നല്‍കിയിരുന്നു. രണ്ട് ഹര്‍ജികളും കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.
ജുഡീഷ്യല്‍ ഓഫീസറും കോടതി ജീവനക്കാരുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നാണ് ഹണി എം വര്‍ഗീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ഹണി എം വര്‍ഗീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിമര്‍ശനമുണ്ട്.
https://www.facebook.com/Malayalivartha