ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...
സ്വകാര്യ ചാനലിലെ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നത്. വിഷയത്തില്‍ പരിശോധന നടത്താന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടിയുടെ സംപ്രേഷണം തടയണം. പ്രശ്‌നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മോഹന്‍ലാലിനും ഡിസ്‌നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നൽകി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ഇത് സംപ്രേഷണ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം.എ അബ്ദുല്‍ ഹക്കീം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഏപ്രില്‍ 25ന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ ലാല്‍ ആണ് ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകന്‍.
പരിപാടിക്ക് യുവാക്കള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുണ്ട്. എന്നാല്‍ പലപ്പോഴും ബിഗ് ബോസില്‍ അവതരിപ്പിക്കുന്ന കണ്ടന്റുകള്‍ക്കും മത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തിനും വ്യാപകമായി വിമര്‍ശനവും ഉണ്ടാകാറുണ്ട്. പരിപാടി സംഘാടകരായ എന്‍ഡമോള്‍ ഷൈനിനും, സ്റ്റാര്‍ ഇന്ത്യയ്ക്കും, പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനും, പരിപാടിയിലെ മത്സരാര്‍ത്ഥിയായ റോക്കിക്കും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
ശാരീരിക പീഡനം ഇന്ത്യന്‍ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) ആക്റ്റ്, 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. 1995ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ (റെഗുലേഷന്‍) നിയമപ്രകാരം അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
ആക്രമണം സംപ്രേക്ഷണം ചെയ്യുന്നതിനും നിരോധനമുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വിഷയം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച് കോടതി കേന്ദ്ര സര്‍ക്കാരിനോട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറെ നാടകീയതകള്‍ നിറഞ്ഞ സംഭവമായിരുന്നു അസി റോക്കി സിജോയെ ആക്രമിച്ചത്. വാക്കുതര്‍ക്കത്തിനിടെ അസി റോക്കി സിജോയുടെ മുഖത്ത് ശക്തിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സിജോ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. അസി റോക്കിയെ അന്ന് തന്നെ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
ഈ വിഷയത്തില്‍ അസി റോക്കിക്കെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും യാതൊരു പരാതിയും ഇല്ലെന്നായിരുന്നു സിജോയുടെ പ്രതികരണം. സിജോ കേസ് കൊടുത്താൽ, പോലും റോക്കിയെക്കാൾ പണി കിട്ടുക ചാനലിനാണ്. അവർ എന്തുകൊണ്ട് റോക്കിയേ പോലെയൊരു ആളിനെ എടുത്തു എന്ന ചോദ്യം വരും. സിജോയുടെ മെഡിക്കൽ ചിലവുകൾ എല്ലാം ഇപ്പോൾ ചാനലിന്റെ ബാധ്യതയാണ്.
സിജോയ്ക്ക് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യണം. ചാനൽ അത് റോക്കിയിൽ നിന്നും വസൂലാക്കുമോ എന്നറിയില്ല. പക്ഷെ അസി റോക്കി - സിജോ വിഷയം കോടതി കയറിയിരിക്കുകയാണ്. കോടതിക്ക് പുറമെ പൊലീസിനും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനും ആദര്‍ശ് പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha