മാളികപ്പുറം ബാലതാരം ദേവനന്ദയ്ക്ക് നേരെ സൈബര്‍ ആക്രമണം... പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദയും കുടുംബവും
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ബാലതാരമാണ് ദേവനന്ദ. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദയും കുടുംബവും. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, 'പുതിയ തലമുറയിലെ കുട്ടികള്‍ ഒരുപാടു മാറിയെന്നും ക്യൂട്ട്‌നെസ് നോക്കി നില്‍ക്കുന്നവരല്ലെന്നു'മുളള ദേവാനന്ദയുടെ പരാമര്‍ശമാണ് വ്യാപക വിമര്‍ശനത്തിനും ട്രോളുകള്‍ക്കും കാരണമായത്.
ഇതോടെ ദേവനന്ദയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിനെതിരെയാണ് പിതാവ് പരാതി നല്‍കിയത്. ചില ഓണ്‍ലൈന്‍ മീഡിയകള്‍ക്കെതിരെ സംഭവത്തില്‍ ദേവനന്ദയുടെ അച്ഛന്‍ ജിബിന്‍, എറണാകുളം സൈബര്‍ പൊലീസിലാണ് പരാതി നല്‍കിയത്. 'ഗൂ' എന്ന പുതിയ ചിത്രത്തിനായി ദേവനന്ദ നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങള്‍ കട്ട് ചെയ്ത് അനുവാദമില്ലാതെ മോശമായ രീതിയില്‍ പ്രചരിപ്പിച്ചതായാണ് പരാതി. മനപ്പൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയതെന്നും, 10 വയസുകാരിയായ മകള്‍ക്ക് ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
പരാതിയുടെ പൂര്‍ണ്ണരൂപം
ബഹുമാനപ്പെട്ട എസ്എച്ചഒ മുന്‍പാകെ ദേവനന്ദയ്ക്കു വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിന്‍ ബോധിപ്പിക്കുന്ന പരാതി,
എന്റെ മോളുടെ ഏറ്റവും പുതിയ സിനിമയായ ഗുവിന്റെ പ്രമോഷന്റെ ഭാഗമായി എന്റെ വീട്ടില്‍ വച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത അഭിമുഖത്തില്‍ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തില്‍ മനഃപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികള്‍ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മുകളില്‍ പറഞ്ഞ ചാനലില്‍ വന്ന ഇന്റര്‍വ്യൂവില്‍ നിന്ന് ഒരു ഭാഗം മാത്രം ഡൗണ്‍ലോഡ് ചെയ്ത് അവരുടെ സ്വന്തം വിഡിയോ കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുകയും ചെയ്തു.
ഇവരുടെ ഈ പ്രവര്‍ത്തി കൊണ്ട് എന്റെ 10 വയസ്സുള്ള മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹ മധ്യേ മനഃപൂര്‍വം അപമാനിക്കപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ഈ പ്രൊഫൈല്‍ ഡീറ്റെയില്‍സ് അടുത്ത പേജില്‍ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത വിഡിയോകള്‍ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.
https://www.facebook.com/Malayalivartha