19 വയസിനിടയില്‍ 100 സിനിമ... മലയാള സിനിമയിലെ താരറാണിയായി വാണ ജയഭാരതിക്ക് ഇന്ന് 70 ാം പിറന്നാള്‍
ഒരുകാലത്ത് മലയാള സിനിമയില്‍ താരറാണിയായി വാണ ഒരു നടി ഉണ്ടായിരുന്നു. അതായിരുന്നു ലക്ഷ്മി ഭാരതി എന്ന ജയഭാരതി. ആദ്യമായി താരം സിനിമയില്‍ അഭിനയിക്കുമ്പോള്‍ 12 വയസ്സേ താരത്തിനുണ്ടായിരുന്നുള്ളു. എന്നാല്‍ അതിനുശേഷം താരത്തിന് ഒരു ഇടവേള എടുക്കേണ്ടി വന്നിരുന്നു. അതും നമ്മുടെ പ്രിയ താരം പ്രേം നസീര്‍ കാരണം. അഭിനയിക്കാന്‍ മദ്രാസില്‍ എത്തിയെങ്കിലും വളരെ ചെറിയ കുട്ടിയാണ് ഒന്ന് രണ്ട് വര്‍ഷം കൂടി കഴിയട്ടെയെന്ന് പറഞ്ഞ് ജയഭാരതിയേയും അമ്മയേയും മടക്കി അയച്ചത് സാക്ഷാല്‍ പ്രേം നസീര്‍ ആയിരുന്നു. പിന്നീട് പ്രേം നസീറിന്റെ അവിഭാജ്യ നായികയായി ജയഭാരതി മാറിയെന്നത് ചരിത്രം.
കാട്ടുകുരങ്ങ്, തോക്കുകള്‍ കഥ പറയുന്നു തുടങ്ങിയതിലൂടെ ഗംഭീര തിരിച്ചുവരവാണ് ജയഭാരതി നടത്തിയത്. 19 വയസിനിടയില്‍ 100 ചിത്രങ്ങളില്‍ അഭിനയിച്ച് താരറാണിയായി മാറി. മലയാളം എഴുതാനോ വായിക്കാനോ പറയാനോ അറിയില്ലായിരുന്ന ഭാരതിയെ അതിനെല്ലാം പ്രാപ്തയാക്കിയത് സംവിധായകരായ കെ.എസ് സേതുമാധവനും, പി. ഭാസ്‌കരനുമായിരുന്നു. അഭിനയിച്ച എല്ലാ സിനിമകളിലും അവര്‍ തന്നെ ഡബ്ബ് ചെയ്തു.
ഒരിക്കല്‍ പ്രേംനസീര്‍ ജയഭാരതിയുടെ അമ്മയോട് ചോദിച്ചു ഭാരതിയാണോ നിങ്ങളാണോ വീട്ടിലെ അമ്മ? ആ ചോദ്യം തമാശയ്ക്കായിരുന്നെങ്കിലും വീട്ടിലെ കാരണവര്‍ തന്നെയായിരുന്നു ജയഭാരതി. സഹോദരങ്ങള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസമില്ലെങ്കിലും ജയഭാരതിയുടെ കാറിന്റെ ഹോണ്‍ കേട്ടു കഴിഞ്ഞാല്‍ എല്ലാവരും സൈലന്റ് ആകുമായിരുന്നു. വളരെ കണിശക്കാരിയായ ചേച്ചിയായിരുന്നു വീട്ടില്‍ താന്‍ എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്.
ചിരിക്കുമ്പോഴും കരയുമ്പോഴും വായ പൊത്താത്ത നടി എന്നാണ് പദ്മരാജന്‍ ജയഭാരതിയെ വിശേഷിപ്പിച്ചത്. സിനിമയില്‍ നിന്ന് ലഭിക്കേണ്ടതെല്ലാം നേടി എന്ന് സ്വയം ബോദ്ധ്യം വന്നപ്പോഴാണ് ഭാരതി സിനിമയില്‍ നിന്ന് അകന്നത്. മകന് കൊടുക്കേണ്ടതാണ് ഇനിയുള്ള തന്റെ സമയമെന്ന് ഒരു അമ്മ കൂടിയായ അവര്‍ തീരുമാനിക്കുക കൂടിയായിരുന്നു.
നടന്‍ സത്താറുമായുള്ള വിവാഹം 1979 ലായിരുന്നു. ജയഭാരതിയുടെ ഏറ്റവും തിരക്കുള്ള സമയം. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് ഇരുവരും വിവാഹിതരായത്. എന്‍ജിനീയറിങ് മികച്ച നിലയില്‍ പാസായ മകന്‍ ഉണ്ണി യുകെയില്‍ ഭാര്യ ത്രിപുരസുന്ദരി സോനാലിക്കും മകള്‍ അംബക്കുമൊപ്പമാണ് താമസം.
മോഹന്‍ലാല്‍ ചിത്രം 'ഒന്നാമനിലാണ്' ജയഭാരതി ഏറ്റവും ഒടുവില്‍ വേഷമിട്ടത്. ഇതിനിടെ സീരിയല്‍ രംഗത്തും അമ്മയും ഭാര്യയുമായി നിറഞ്ഞു. കിളിക്കൂട്, പെയ്‌തൊഴിയാതെ, ഉങ്കള്‍ ചോയ്‌സ് തുടങ്ങിയ പരമ്പരകളില്‍ ജയഭാരതി മിനി സ്‌ക്രീന്‍ പ്രേക്ഷകരെയും അവരുടെ ആരാധകരാക്കി മാറ്റി.
ഇതുവരെയുള്ള ജീവിതത്തില്‍ സംതൃപ്തി മാത്രമേയുള്ളൂവെന്ന് ജയഭാരതി പറയുന്നു. ''ധാരാളം നല്ല സിനിമകളില്‍ അഭിനയിച്ചു. പണമുണ്ടാക്കി. സഹോദരങ്ങളെ നല്ല നിലയില്‍ എത്തിച്ചു. ആരും പറ്റിക്കുകയോ ആരാലും പറ്റിക്കപ്പെടുകയോ ചെയ്തില്ല. അതിനുമപ്പുറം സംതൃപ്തി തരുന്ന ഒന്നും ഇനി കിട്ടാനില്ല''.
https://www.facebook.com/Malayalivartha