ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ച് സംവിധായകൻ രഞ്ജിത്ത്; സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യും എന്ന് സൂചന...
ഒടുവിൽ ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ച് സംവിധായകൻ രഞ്ജിത്ത്. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പിന്തുണയ്ക്കുകയാണു ചെയ്തത്. വിമർശനം കടുത്തതോടെ സർക്കാർ കേന്ദ്രങ്ങൾ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രാജിസന്നദ്ധത രഞ്ജിത്ത് അവരെ അറിയിച്ചു. സിദ്ധിഖ് രാജിവച്ചതോടെ രഞ്ജിത്തും രാജിക്കത്തു സർക്കാരിനു കൈമാറി. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും രഞ്ജിത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. ചലച്ചിത്രമേള ഡിസംബറിൽ ആരംഭിക്കാനിരിക്കെയാണു രഞ്ജിത്തിന്റെ രാജി.
അതിനിടെ നടിയുടെ ആരോപണത്തിൽ നടൻ സിദ്ദിഖും രാജി വച്ചു. യുവ നടി രേവതി സമ്പത്തായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. തന്റെ സമ്മതമില്ലാതെ ഉപദ്രവിച്ചയാളാണ് സിദ്ദിഖ്. അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണ്. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.
'ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്‌നവും മാനസികാരോഗ്യവുമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയെ അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളു. എനിക്ക് മാത്രമല്ല, എന്റെ പല സുഹൃത്തുകള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവമുണ്ടായിട്ടുണ്ട്,' രേവതി പറഞ്ഞു. രാജിവച്ച് മാറിയെങ്കിലും സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha