തിരിച്ചയക്കുമ്പോൾ അവൾക്കുണ്ടാകുന്ന നാണക്കേടുണ്ട്; ആ ശാപം നമുക്ക് കിട്ടാൻ പാടില്ല - മോഹൻലാൽ
നിരവധി നടിമാരാണ് ഹേമക്കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ തുറന്ന് പറച്ചിലുമായി രംഗത്ത് വന്നത്. സിനിമയിലെ തിളങ്ങുന്ന നക്ഷത്രങ്ങളുടെ കറുത്ത മുഖമൂടി അലിച്ചുകീറിയ ജൂനിയർ ആർട്ടിസ്റ്റുകളുടെ ഒരു കടന്നുവരവാണ് കുറച്ച് ദിവസങ്ങളായി ഉണ്ടാകുന്നത്. സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ്, സംവിധാകൻ രഞ്ജിത്ത്, റിയാസ്ഖാൻ അങ്ങനെ പോകുന്നു നീണ്ട നിര. ഹേമ കമ്മിറ്റി റിപ്പോർട്ടാണ് തുറന്ന് പറച്ചിലുകൾക്ക് നടിമാരെ പ്രചോദിപ്പിക്കുന്നത്. ഇതിനിടെ ഇപ്പോൾ ആരോപണം വന്നവരുടെ കൂടെ തനിക്ക് നല്ല അനുഭവമായിരുന്നെന്ന് വെളിപ്പെട്ടുത്തുകയാണ് നടി ശിവാനി.
അവർ എന്നോട് മോശമായി പെരുമാറിയിട്ടില്ല. പക്ഷെ മറ്റൊരു നടനിൽ നിന്നും അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ശിവാനി പറയുന്നു. തമാശയ്ക്കോ കാര്യമായിട്ടോ വാതിലിൽ തട്ടി ഓടിപ്പോകുന്ന പരിപാടിയുണ്ടായിരുന്നു. എന്റെ റൂമിൽ അമ്മയുണ്ട്. ആരാണെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. ഞങ്ങൾ ആരാണെന്ന് കണ്ടു. ഈ പറയുന്ന ആക്ടർ പകൽ സമയത്ത് വളരെ ഫ്രണ്ട്ലിയാണ്. പക്ഷെ രാത്രിയാകുമ്പോൾ പുള്ളിക്ക് ബാധ കയറിയത് പോലെ ആണെന്ന് തോന്നുന്നു.
ആൾ ആരാണെന്ന് കണ്ടപ്പോൾ ഞങ്ങൾ സംവിധായകനോടും പ്രൊഡ്യൂസറോടും പറഞ്ഞു. പിന്നെ കുറേകാലത്തേക്ക് എനിക്ക് സിനിമയില്ല. ഒന്നരക്കൊല്ലത്തിന് ശേഷം സിദ്ധു പനക്കൽ ചൈന ടൗൺ എന്ന സിനിമയ്ക്ക് വേണ്ടി വിളിച്ചു. ഞാനും അമ്മയും എയർപോർട്ടിൽ എത്തിയപ്പോൾ അവിടെ ഈ ആക്ടറെ കണ്ടു. വൈരാഗ്യം സൂക്ഷിച്ച് ഞങ്ങൾ നടക്കാറില്ല. ഞാനദ്ദേഹത്തോട് സംസാരിച്ചു. ഓൾ ദ ബെസ്റ്റ് പറഞ്ഞ് പുള്ളിയങ്ങോട്ട് മാറി. പുള്ളി ടെൻഷനടിച്ച് ഫോണിൽ സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
ഞങ്ങൾ ഹൈദരാബാദെത്തി ആദ്യത്തെ ദിവസം ഷൂട്ടില്ലെന്ന് പറഞ്ഞു. മൂന്ന് ദിവസം ഷൂട്ടിംഗ് നടന്നില്ല. നാലാമത്തെ ദിവസം ഷൂട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ പോയി അഭിനയിച്ചു. പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ ആയിരുന്നു. അദ്ദേഹമെന്നോട് നിനക്ക് ആ ആർട്ടിസ്റ്റുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. പഴയ പ്രശ്നം ഞാൻ ഓർത്തില്ല.
പഴയ കാര്യം പറഞ്ഞപ്പോൾ അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന് ഞാൻ. നിന്നെ കണ്ട നേരം മുതൽ അദ്ദേഹം സെറ്റിലേക്ക് വിളിച്ച് കൊണ്ടിരിക്കുകയാണ്, അവളെ അഭിനയിപ്പിക്കരുത് എന്ന് പറയുന്നു. അഭിനയിപ്പിച്ചാൽ തിരുവന്തപുരത്ത് തിയറ്ററിൽ കൂവുമെന്നും പറഞ്ഞെന്ന് ആന്റണി പെരുമ്പാവൂർ ചൂണ്ടിക്കാട്ടി. മോഹൻലാൽ കാരണമാണ് തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും ശിവാനി പറയുന്നു.
തന്നെ മടക്കി അയക്കാൻ ആലോചിച്ചപ്പോൾ മോഹൻലാൽ പറഞ്ഞ വാക്കുകൾ ആന്റണി പെരുമ്പാവൂർ താനുമായി പങ്കുവെച്ചെന്നും ശിവാനി പറയുന്നു. ഒരു പെൺകുട്ടിയാണ്. ഇവിടെ വിളിച്ച് വരുത്തി തിരിച്ചയക്കുമ്പോൾ അവൾക്കുണ്ടാകുന്ന നാണക്കേടുണ്ട്. അവരുടെ സാമ്പത്തിക നില നമുക്ക് അറിയില്ല. ഒരു തുക പറഞ്ഞിട്ടാണ് നമ്മൾ കൊണ്ട് വരുന്നത്. അവർക്ക് ആ തുക കൊണ്ട് പല കാൽക്കുലേഷനും കാണും. ആ പൈസ കിട്ടാതാകുമ്പോൾ ഉണ്ടാകുന്ന വിഷമം. ആ ശാപം നമുക്ക് കിട്ടാൻ പാടില്ല. എന്ന് ലാൽ സർ പറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞ് കാെണ്ടാണ് താൻ സിനിമയിൽ അഭിനയിക്കുന്നതെന്നും ശിവാനി പറയുന്നു.
അതിനിടെ നൂറ് ശതമാനം ആളുകൾ മോശമാണെന്ന് പറയാൻ പറ്റില്ല. മനുഷ്യരിൽ നല്ലതും മോശവുമുണ്ട്. ഒരു ഇൻഡസ്ട്രി മൊത്തം മോശമാണെന്ന് പറയാൻ പറ്റില്ല. റിയാസ് ഖാൻ എന്ന ആക്ടർ എന്റെ ഭർത്താവിന്റെ ഏറ്റവും നല്ല ഫ്രണ്ടാണ്. വർഷങ്ങളായി ഞങ്ങൾക്ക് അറിയാവുന്ന വ്യക്തിയാണ്. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ എനിക്കത്രയും മലയാളം സംസാരിക്കാൻ അറിയാമെന്ന് നിനക്ക് തോന്നുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്.
തന്റെ അനുഭവത്തിൽ റിയാസ് ഖാൻ വളരെ നല്ല വ്യക്തിയാണെന്നും ശിവാനി പറയുന്നു. ഞങ്ങൾ ഒരുപാട് വർഷമായി അദ്ദേഹത്തെ കാണുന്നതാണ്. പുള്ളിയുടെ രീതിയും എങ്ങനെ സംസാരിക്കും എന്നതൊക്കെ അറിയാം. പുള്ളി ഒരു ഫാമിലി മാൻ ആണ്. ഉമ ചേച്ചിയും പിള്ളേരും തന്നെയാണ് അദ്ദേഹത്തിന് ഏറ്റവും വലുത് എന്നും ശിവാനി പറയുന്നു.
https://www.facebook.com/Malayalivartha