എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ സംഘടനകള്‍.... ഇന്ന് മഹിളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനന്ദവല്ലീശ്വരത്തെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ സംഘടനകള്‍. ഇന്ന് മഹിളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനന്ദവല്ലീശ്വരത്തെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
വനിതാ കൂട്ടായ്മയായ വിമണ്‍ കളക്ടീവും എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തു. എംഎല്‍എക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.
മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് തീരുമാനം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കി.
അതേസമയം, തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍, പരാതിക്കാരിക്ക് ഗൂഢലക്ഷ്യമെന്നാണ് നടനും എംഎല്‍എയുമായ മുകേഷിന്റെ വാദം. തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകര്‍ക്കാനായി ലക്ഷ്യമിട്ടാണ് ആരോപണമെന്ന് പറഞ്ഞ മുകേഷ്, ആരോപണം തെറ്റെന്ന് തെളിയിക്കാന്‍ 2009 മാര്‍ച്ച് ഏഴിന് അയച്ച മെയില്‍ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി.
തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായാല്‍ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha