ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നു: ശാരദ; കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന് ഷീല
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ പ്രതികരണമായിരുന്നു കേരളം ഉറ്റുനോക്കിയിരുന്നത്. എന്നാൽ വിവാദങ്ങൾക്ക് മറുപടി പറയാതെ പല താരങ്ങളും ഒഴിഞ്ഞുമാറിയെങ്കിലും, മോഹൻലാലും, മമ്മൂട്ടിയും അവ്യക്തമായ ചില മറുപടികൾ നൽകി ഒഴിഞ്ഞുമാറി. ഇവയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ഫാൻസ് ഏറ്റുമുട്ടുന്നതിനിടെ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയും ഹേമ കമ്മിറ്റി അംഗം കൂടിയായ നടി ശാരദയും, നടി ഷീലയും ഈ വിഷയത്തിൽ നടത്തിയ പ്രതികരണം വീണ്ടും വിവാദങ്ങൾക്ക് വഴിവയ്ക്കുകയാണ്. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നതായാണ് ശാരദയുടെ പ്രതികരണം.
തന്റെ കാലത്ത് ആളുകൾ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് പുറത്ത് പറഞ്ഞില്ലെന്നാണ് ശാരദ വ്യക്തമാക്കിയത്. എന്നാൽ, വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്‌ക്ക് ദുരനുഭവങ്ങൾ തുറന്നുപറയാൻ ധൈര്യം ഉണ്ടായി, അതിൽ അഭിമാനമുണ്ടെന്നും റിപ്പോർട്ടിനെ തുടർന്ന് ഇപ്പോൾ വരുന്ന വെളിപ്പെടുത്തലുകൾ ‘ഷോ’ ആണെന്നും ശാരദ ആരോപിച്ചു. എല്ലാവരും ഇപ്പോൾ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണെന്നും അവർ കൂട്ടിച്ചേർത്തു. . ഈ റിപ്പോർട്ടിനു പ്രധാന്യമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഹേമ മാഡം വളവരെ നല്ലയാളെന്നും അവരോട് ചോദിച്ചാൽ വിവരം തരുമെന്നുമായിരുന്നു ശാരദയുടെ മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നതിൽ തനിക്ക് യാതൊരു താത്പര്യവും ഇല്ല. റിപ്പോർട്ട് ചർച്ച ചെയ്യുന്നതിലൂടെ ജോലി ഇല്ലാത്തവർക്ക് ഒരു ജോലി ആവും.
താൻ സിനിമ വിട്ടിട്ട് 15 വർഷമായെന്നും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയില്ലെന്നും ശാരദ പറഞ്ഞു. അഞ്ചാറ് വർഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ചും ഓർമയില്ലെന്നാണ് ശാരദ പറയുന്നത്. പതിറ്റാണ്ടുകളുടെ സിനിമാ അനുഭവ സമ്പത്തുള്ള നടി ഷീല തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല എന്നും എന്നാൽ, സെറ്റിൽ ചില സ്‌ത്രീകൾ അവർ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് പരസ്‌പരം പറയുന്നത് കേട്ടിട്ടുണ്ട്. അന്നൊന്നും അത് പുറത്തുപറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നിന്നും പ്രതികരിച്ചു.
കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയിലെ സ്‌ത്രീകൾക്ക് വേണ്ടി ഡബ്ളുസിസി ഒരുപാട് പ്രയത്‌നിക്കുന്നുണ്ടെന്നും അവരെക്കുറിച്ച് അഭിമാനമാണെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്‌ത്രീകൾക്ക് സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്‌ത സർക്കാരിനെ അഭിനന്ദിക്കുന്നതായും, നേരിട്ട ദുരനുഭവങ്ങൾ നടിമാർ ധൈര്യത്തോടെ തുറന്നുപറയണമെന്ന് നടി ഷീലയും പ്രതികരിച്ചു.
ജസ്‌റ്റിസ് ഹേമ കമ്മീഷനിലെ അംഗം കൂടിയായിരുന്നു നടിയായ ശാരദ. ഏറെക്കാലത്തെ ആവശ്യത്തിന് ശേഷമാണ് കഴിഞ്ഞ മാസം റിപ്പോർട്ടിന്റെ ഭാഗികമായ രൂപം സർക്കാർ പുറത്തുവിട്ടത്. എന്നാൽ ആരോപണ വിധേയരെ കുറിച്ചുള്ള പരാമർശങ്ങളും മൊഴി നൽകിയവരുടെ വെളിപ്പെടുത്തലുകളും ഉൾപ്പെടെ ഒഴിവാക്കിയ ശേഷമുള്ള ഭാഗം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമാ കളക്ടീവിൻറെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബർ 16 ന് സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്.
https://www.facebook.com/Malayalivartha