അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു.
ഇരുപതാമത്തെ വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത് മലയാളികളുടെ മനസില്‍ ഇടം നേടി. മലയാളത്തില്‍ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ ഈ നടിയെ തേടിയെത്തി. മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. നാനൂറിലേറെ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
സിനിമയോടൊപ്പം ടെലിവിഷന്‍ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാനാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ പൊന്നമ്മ പതിനാലാമത്തെ 14 ാം വയസ്സില്‍ നാടകത്തിന്റെ തട്ടേല്‍ കയറി. തോപ്പില്‍ ഭാസിയുടെ മൂലധനമായിരുന്നു ആദ്യ കാലങ്ങളില്‍ പൊന്നമ്മ ഭാഗമായ നാടകങ്ങളില്‍ ഒന്ന്.
നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ കല്ല്യാണം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു. അമേരിക്കയിലാണ് മകള്‍ ബിന്ദു താമസിക്കുന്നത്.
https://www.facebook.com/Malayalivartha