ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...
മലയാളത്തിന്റെ സ്വന്തം അമ്മ എന്നാണ് നടി കവിയൂര്‍ പൊന്നമ്മയെ വിശേഷിപ്പിക്കുന്നത്. നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയതായിരുന്നു കവിയൂര്‍ പൊന്നമ്മ. ആദ്യകാലങ്ങളില്‍ നായികയായിട്ടാണ് അഭിനയിച്ചതെങ്കിലും പില്‍ക്കാലത്ത് അമ്മ വേഷങ്ങളുമായി മുന്നേറുകയായിരുന്നു. കവിയൂര്‍ പൊന്നമ്മ വിടവാങ്ങിയതിന്റെ സങ്കടം പങ്കിട്ട് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. മൂന്ന് വര്‍ഷമായി സിനിമയില്‍ സജീവമായിരുന്നില്ല പൊന്നമ്മ. എന്നാലും ഇത്ര പെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചതേയില്ല, ഒത്തിരി നേരത്തയായിപ്പോയി ഈ വിയോഗം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു പൊന്നമ്മ ചേച്ചിക്കെന്ന് വേദനയോടെ പറയുകയാണ്
ഷാജി കൈലാസ്.
കരുമാല്ലൂരിലെ വീട്ടിലേക്ക് പൊന്നമ്മച്ചേച്ചിയെ കാണാൻ ഞാനും ചിത്രയും മകൻ ജഗനും കുറച്ചുനാൾമുൻപ് പോയിരുന്നു. നിർമാതാവ് ആൽവിൽ ആന്റണിയും ഭാര്യയും കൂടെയുണ്ടായിരുന്നു. എന്റെ മനസ്സിൽ അപ്പോഴുണ്ടായിരുന്നത് ‘ബാബാ കല്യാണി’യിലെ ‘കൈനിറയേ വെണ്ണതരാം കവിളിലൊരുമ്മ തരാം’ എന്ന പാട്ടാണ്. ചെറിയ ഓർമ്മക്കുറവ് ഒഴിച്ചാൽ ചേച്ചിക്ക് അന്ന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നെ പിടിച്ച് അടുത്തിരുത്തി. കൈത്തലം ഏറെനേരം മടിയിൽവെച്ചുകൊണ്ട് സംസാരിച്ചു. അമ്മയുടെ മടിയിലെ സ്നേഹച്ചൂട് ഞാൻ വീണ്ടും അനുഭവിക്കുകയായിരുന്നു ആ നിമിഷങ്ങളിൽ. ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്.
അതുകൊണ്ടുതന്നെ ഞങ്ങളെ പെട്ടെന്ന് വിടാൻ തയ്യാറായതുമില്ല. ഇനിയും ഒരമ്മവേഷം കാത്തിരിപ്പുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോൾ ചേച്ചി നമ്മൾ ഒരുപാട് സിനിമകളിൽക്കണ്ട ആ ചിരി ചിരിച്ചു. കപ്പയും മീനും കഴിച്ചിട്ട് കുറെക്കാലമായി എന്ന ആഗ്രഹം പറഞ്ഞു. പിറ്റേന്നുതന്നെ ചിത്ര അത് തയ്യാറാക്കി കൊടുത്തയച്ചു. മടങ്ങുമ്പോൾ ഞങ്ങളുടെ കവിളിൽ ഒരു ഉമ്മത്തണുപ്പ് ബാക്കിയായിരുന്നു. വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളും. അതുരണ്ടും എന്നും ഹൃദയത്തിലുണ്ടാകും. എന്ന് അദ്ദേഹം പറയുന്നു.
കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരമണിയോടെയായിരുന്നു അന്ത്യം. അർബുദബാധിതയായി ചികിത്സയിലായിരുന്നു. സിനിമാനിർമാതാവായിരുന്ന അന്തരിച്ച മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു അമേരിക്കയിലാണ്. മിഷിഗൺ സർവകലാ ശാലയിലെ പ്രൊഫസർ വെങ്കിട്ടരാമനാണ് മരുമകൻ. സിനിമാ-സീരിയൽതാരം പരേതയായ കവിയൂർ രേണുക സഹോദരിയാണ്. അവസാനനാളുകളിൽ ആലുവയ്ക്കടുത്ത് കരുമാല്ലൂരിലെ ശ്രീപീഠം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ മേയിലാണ് അർബുദ രോഗം സ്ഥിരീകരിച്ചത്. മൃതദേഹം കളമശേരി മുൻസിപ്പൽ ടൌൺ ഹാളിൽ പൊതുദര്ശനത്തിന് ശേഷം കരുമാല്ലൂരിലെ വീട്ടിൽ എത്തിച്ചു. സംസ്ക്കാരം വീട്ടുവളപ്പിൽ നടക്കും.
ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുനോക്കിരുന്നത്. 14 വയസ് മുതല്‍ 79 വയസ് വരെ നീളുന്ന അസാധ്യമായ കലാസപര്യയ്ക്കാണ് കവിയൂര്‍ പൊന്നമ്മ വിട പറഞ്ഞതോടെ തിരശീല വീണത്. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി ഇവര്‍ വേഷമിട്ടിട്ടുണ്ട്. പതിനാലാമത്തെ വയസ്സില്‍ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് താരം കലാരംഗത്തെത്തുന്നത്.
കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി വെളളിത്തിരയിലെത്തുന്നത്. മലയാള സിനിമയില്‍ ആറ് പതിറ്റാണ്ടുകളായി നിറഞ്ഞു നിന്നിരുന്ന പൊന്നമ്മ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1965ല്‍ കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായെത്തിയ നടിക്ക് പിന്നീട് മലയാള സിനിമയിലുടനീളം അമ്മ മുഖമായിരുന്നു.
https://www.facebook.com/Malayalivartha