'പലതവണ വഴി മാറി നടക്കാന്‍ ശ്രമിച്ചിട്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ യാത്ര- നടി സുകന്യ
തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായി മാറിയിരുന്ന നടിയാണ് സുകന്യ. നടി എന്നതിനേക്കാളുപരി മികച്ചൊരു നര്‍ത്തകി കൂടിയായ സുകന്യ തെന്നിന്ത്യന്‍ സിനിമയിലെ നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളും മുഹൂര്‍ത്തങ്ങളും സുകന്യ സമ്മാനിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകള്‍ക്ക് പുറമെ നിരവധി പരമ്പരകളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ നിന്നെല്ലാം വഴുതി മാറുമ്പോഴും കറങ്ങി തിരിഞ്ഞ് താന്‍ അതിലേക്ക് തന്നെ എത്തിപ്പെടുകയായിരുന്നെന്ന് നടി, പ്രതികരിച്ചിരുന്നു.
തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെ തൊണ്ണൂറുകളില്‍ നിറഞ്ഞ് നിന്ന നടി ഇപ്പോള്‍ എഴുത്തുകാരിയായിട്ടാണ് തിരികെ വരുന്നത്. ഡിഎന്‍എ എന്ന മലയാള സിനിമയ്ക്ക് വേണ്ടിയാണ് സുകന്യ പാട്ടെഴുതിയത്. പാട്ടെഴുത്ത് തന്റെ സ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്ന കാര്യമല്ലായിരുന്നു എന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമാ ജീവിതത്തെ പറ്റി സുകന്യ തുറന്ന് സംസാരിച്ചിരിക്കുന്നത്. 'പലതവണ വഴി മാറി നടക്കാന്‍ ശ്രമിച്ചിട്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ യാത്രയായിരുന്നു എന്റേത്. പഠനത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കാനാണ് വീട്ടുകാരും ഉപദേശിച്ചത്. സിനിമയിലേക്ക് ഇറങ്ങിയതോടെ സ്വന്തം ശരികള്‍ മുന്‍നിര്‍ത്തി സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.
സീനിയറായ ഒരുപാട് പേരുടെ സിനിമകളിലേക്ക് തുടക്കത്തില്‍ തന്നെ ക്ഷണം ലഭിച്ചു. വിജയ്കാന്തിന്റെ 'ചിന്ന കൗണ്ടറി'ല്‍ അഭിനയിക്കാന്‍ പോയതെല്ലാം ഇന്നും ഓര്‍മ്മയുണ്ട്. ലൊക്കേഷനില്‍ വച്ച് വിജയകാന്ത് സാറിന്റെ അടുത്തിരുന്ന കസേര എടുക്കാന്‍ ചെന്നതും സംസാരിക്കാന്‍ പേടിച്ച് അവിടെനിന്ന് പരങ്ങിയതും എല്ലാം തുടക്കക്കാരിയുടെ പരിഭ്രമങ്ങളില്‍ ചിലത് മാത്രം. നടന്‍ പ്രഭുവിനൊപ്പം വിജയ സിനിമകളുടെ ഭാഗമായി. ശിവാജി സാറിന്റെ മകന്‍ എന്ന തലക്കാനമൊന്നുമില്ലാതെയാണ് അദ്ദേഹം ഇടപെട്ടിരുന്നത്.
സിനിമയോടും അഭിനയത്തോടുമൊന്നും കൗമാരത്തിലെ തനിക്ക് താല്പര്യം ഇല്ലായിരുന്നു. കുട്ടിക്കാലം മുതല്‍ നൃത്തം ആയിരുന്നു മനസ്സില്‍. ഏഴു വയസ്സ് മുതല്‍ ഭരതനാട്യത്തിനൊപ്പമായി യാത്ര. മധുരയില്‍ ജനിച്ചെങ്കിലും സ്‌കൂളില്‍ പോയതൊക്കെ ചെന്നൈയിലാണ്. കലാക്ഷേത്രം വീടിനടുത്തായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ ചിലങ്കയുടെ താളം ചുറ്റിനും നിറഞ്ഞു നിന്നിരുന്നു. ഓഡിഷനിലൂടെയാണ് കലാക്ഷേത്രയിലേക്ക് പ്രവേശനം കിട്ടുക. അവിടെ ഡബിള്‍ പ്രമോഷന്‍ നേടിയാണ് പഠിച്ചിറങ്ങുന്നത്. നൃത്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പും ലഭിച്ചിരുന്നു. 400 പേര്‍ എഴുതിയ പരീക്ഷയില്‍ 10 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. മാത്രമല്ല പഠിക്കുമ്പോള്‍ സ്‌കൂള്‍ ലീഡറും സ്‌പോര്‍ട്‌സ് ക്യാപ്റ്റനും ഒക്കെയായി തിരക്കുള്ള കാലമായിരുന്നു അതൊക്കെ. അതുകൊണ്ടു തന്നെ സിനിമയെക്കുറിച്ച് അഭിനയത്തെപ്പറ്റിയോ ചിന്തകള്‍ ഇല്ലായിരുന്നു.
അച്ഛന്‍ ഒരു സിനിമ നിര്‍മ്മിച്ചിട്ട് പോലും അഭിനയത്തോട് എനിക്ക് താല്പര്യം തോന്നിയില്ല. കുട്ടിക്കാലത്ത് സിനിമ കാണുന്നതും കുറവായിരുന്നു. ടിവിയില്‍ ചിത്രഹാര്‍ പോലുള്ള പരിപാടികള്‍ വല്ലപ്പോഴും കണ്ടിട്ടുണ്ട്. നൃത്തവുമായി മുന്നോട്ടു പോകാന്‍ തന്നെയായിരുന്നു ആഗ്രഹം. അങ്ങനെ വിദേശത്ത് നൃത്ത പരിപാടികള്‍ക്ക് പോയപ്പോഴാണ് സിനിമയിലേക്കുള്ള അവസരം വരുന്നത്. സ്റ്റേജ് പ്രോഗ്രാമുകളെ കുറിച്ച് കേട്ടും ഫോട്ടോസ് കണ്ടുമാണ് സിനിമയിലേക്ക് ക്ഷണം വന്നത്. ആദ്യമൊക്കെ എല്ലാം ഒഴിവാക്കി. പിന്നീടാണ് സിനിമയാണ് എന്റെ വഴിയെന്ന് തെളിയുന്നത്...' സുകന്യ പറയുന്നു... സാഗരം സാക്ഷി, ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ്, കാണാക്കിനാവ്, തൂവൽകൊട്ടാരം, ഇന്നത്തെ ചിന്താവിഷയം, എന്നിങ്ങനെ തൊണ്ണൂറുകൾ മുതൽ മലയാളത്തിൽ ഒത്തിരി സിനിമകളിൽ അഭിയിച്ചിട്ടുള്ള നടിയാണ് സുകന്യ. ഇടയ്ക്ക് മറ്റ് ഭാഷകളിലും നടി സജീവമായിരുന്നു.
https://www.facebook.com/Malayalivartha