ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് ആറ് വര്‍ഷം! ഇന്നും ആ മരണം ഉൾക്കൊള്ളാനാകാതെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍
ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് ആറ് വര്‍ഷം, ഒക്ടോബര്‍ രണ്ട് മലയാളികളെ സംബന്ധിച്ച് വലിയൊരു വേദനയുടേതാണ്. വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് 2018 ഒക്ടോബര്‍ രണ്ടിനായിരുന്നു. ബാലു എന്ന് വിളിച്ച് പലരും താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് തുടങ്ങി. ഇതിനിടെ ബാലഭാസ്‌കറിന്റെ വിവാഹക്കഥയും വൈറലാവുകയാണ്. അപകടത്തിന് ശേഷം താരത്തിന്റെ ഭാര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ എന്തും തുറന്ന് പറയാന്‍ പറ്റുന്നൊരു സുഹൃത്തായിരുന്നു ലക്ഷ്മിയെന്നാണ് ബാലു പറഞ്ഞിട്ടുള്ളത്. കോളേജില്‍ പഠിക്കുന്ന കാലത്ത് വീട്ടുകാരെ അറിയിക്കാതെ ഒളിച്ചോടി പോയിട്ടാണ് ബാലുവും ലക്ഷ്മിയും വിവാഹിതരായത്. ബാലഭാസ്‌കര്‍ എന്ന സൗമ്യനായ കലാകാരന്റെ പ്രണയവും മകള്‍ക്കുവേണ്ടിയുള്ള ഒന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പും ഒക്കെ ആ സ്നേഹത്തെ അടയാളപ്പെടുത്തുന്നു.
എണ്ണിയാലൊടുങ്ങാത്ത വേദികള്‍, രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനങ്ങള്‍ അങ്ങനെ ബാലഭാസ്‌കര്‍ എന്നും മലയാളികള്‍ക്കൊരു വിസ്മയമായിരുന്നു. പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇലക്ട്രിക് വയലിനുമായി ബാലഭാസ്‌കര്‍ വേദിയിലെത്തിയപ്പോഴെല്ലാം മലയാളികള്‍ അമ്പരപ്പോടെ ആ മാന്ത്രികസ്പര്‍ശം കേട്ടിരുന്നു. ഒട്ടും നിനച്ചിരിക്കാതെ മരണം ഒരു വാഹനാപകടത്തിന്റെ രൂപത്തിലെത്തി ആ സംഗീതത്തെ കവര്‍ന്നെടുത്തു. ഇന്നും ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
https://www.facebook.com/Malayalivartha