7000 രൂപയുടെ ചെരിപ്പും 4000 രൂപയുടെ ഷർട്ടും; പൾസർ സുനിയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ പോലീസ്
ഏഴര വർഷങ്ങൾക്ക് ശേഷം പൾസർ സുനി പുറത്തിറങ്ങിയതോടെ ഇനി എന്ത് എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സുനി ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും വിലകൂടിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടിരുന്നു. ഇപ്പോൾ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിന്റെ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ജാമ്യത്തിൽ ഇറങ്ങുന്നതിന് മുൻപ് കോടതിയിൽ ഹാജരാകാനെത്തിയ സുനി 7000 രൂപയുടെ ചെരിപ്പും 4000 രൂപയുടെ ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ സുനിയെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ, കോടതി നേരിട്ട് ചോദ്യം ചോദിക്കുമ്പോൾ സുനി ആർക്കെങ്കിലും അനുകൂലമായി മറുപടി പറയുമോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിചാരണക്കോടതിയിൽ സുനിയുടെ ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നിരുന്നു.സെപ്തംബർ അവസാന വാരത്തിലാണ് കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് സുനി പുറത്തിറങ്ങിയത്.
കർശനവ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എറണാകുളം ജില്ല വിട്ട് പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷികളേയോ ബന്ധപ്പെടരുത് എന്നീ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചത്. സുനിയുടെ സുരക്ഷ റൂറൽ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.നടിയെ ആക്രമിച്ച കേസിൽ 10 പ്രതികളാണുള്ളത്.
എട്ടു വരെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവർക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 261 സാക്ഷികളുണ്ട്. 1600 രേഖകൾ കേസിൽ കൈമാറി. വിചാരണ അന്തിമഘട്ടത്തിൽ എത്തി നിൽക്കെ, സുനിൽകുമാറിനെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുമോ,
കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ആർക്കെങ്കിലും അനുകൂലമായി മറുപടി പറയാൻ സുനിൽകുമാർ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. വിചാരണക്കോടതിയിൽ സുനിൽകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നിരുന്നു.
https://www.facebook.com/Malayalivartha