മകളുടെ സ്‌കൂളില്‍ പോയിപ്രശ്‌നമുണ്ടാക്കി.. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നിരന്തരമായ ഭീഷണികള്‍! അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് മുൻഭാര്യ
മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബാലയ്ക്ക് പുറമെ അദ്ദേഹത്തിന്റെ മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ബാല വർഷങ്ങളായി തങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാലയുടെ അറസ്റ്റിന് പിന്നാലെ പ്രമുഖ ഗായിക കൂടിയായ പരാതിക്കാരി പ്രതികരിച്ചത്. ബാലയുടെ ഭാഗത്തുനിന്ന് പലതരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെങ്കിലും മകളെ പൊതുമാധ്യത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കരുതിയാണ് 14 വര്‍ഷം മിണ്ടാതിരുന്നത്. ഇനി നിശബ്ദയായിരിക്കാന്‍ കഴിയില്ല. സഹിക്കാന്‍ പറ്റുന്നതിന്റെ പരിധിവിട്ടപ്പോഴാണ് പരാതി നല്‍കിയതെന്ന് പരാതിക്കാരി പ്രതികരിച്ചു. തന്നെയും മകളേയും ഒരുപാട് വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമായിരുന്നു ഇത്. ശരീരികമായും മാനസികമായി തുറന്നുപറയാന്‍ സാധിക്കാത്ത തരത്തിലുള്ള പീഡനങ്ങള്‍ തുടര്‍ച്ചയായി നേരിടേണ്ടി വന്നു. മകളേയും അത് ബാധിച്ചുതുടങ്ങിയപ്പോഴാണ് ആ വീട്ടില്‍ നിന്ന് ഇറങ്ങിവന്നത്. വിവാഹമോചനത്തിന് ശേഷമെങ്കിലും എങ്ങനെയെങ്കിലും സമാധാനത്തില്‍ ജീവിച്ചോട്ടെ എന്ന് കരുതി. പക്ഷെ ഞങ്ങളെ പിന്തുടര്‍ന്നുവരികയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടേയും മറ്റും വലിയ ആക്രമണങ്ങളാണ് എനിക്കും മകള്‍ക്കുമെതിരേയുണ്ടായിരുന്നത്. മകളുടെ സ്‌കൂളില്‍ പോയി പോലും പ്രശ്‌നമുണ്ടാക്കി. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നിരന്തരമായ ഭീഷണികള്‍ വന്നുകൊണ്ടിരുന്നു. ഒരു ഘട്ടത്തിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലപ്പുറമായി. മകളേയും അത് ഗുരുതരമായി ബാധിച്ചു", പരാതിക്കാരി പറയുന്നു, മകളുടെ കല്ല്യാണത്തിന് പോലും പണം തരില്ലെന്ന സ്റ്റേറ്റ്‌മെന്റ് എഴുതിയാണ് വിവാഹമോചന കരാറുള്ളത്. മകള്‍ക്ക് വേണ്ടി ആകെ ചെയ്തിരിക്കുന്നത് 15 ലക്ഷത്തിന്റെ ഒരു ഇന്‍ഷുറന്‍സ് ആണ്. അതിന്റെ പ്രീമിയം പോലും അടച്ചില്ല. മകളെ കാണണമെന്ന് ഒരിക്കല്‍ പോലും ആവശ്യപ്പെട്ടില്ല. വളരെ ചെറിയ തുക തന്നാണ് വിവാഹമോചന കേസ് ക്ലോസ് ചെയ്തത്. എന്നിട്ടും കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് ഞങ്ങളെ കുറിച്ച് പറഞ്ഞുനടക്കുന്നത്. ഒരിക്കല്‍ പോലും ബാല മകളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മകളുടെ ഒരു കാര്യങ്ങളും അന്വേഷിച്ചിട്ടില്ല. എന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റ് ചാനലുകള്‍ക്ക് ലീക്ക് ചെയ്ത് കൊടുക്കുകയാണ് ചെയ്തത്. ചെയ്യാത്തതോ അറിവില്ലാത്തതോ ആയ കാര്യങ്ങളാണ് ബാല അഭിമുഖങ്ങളിലും മറ്റും പറഞ്ഞുനടന്നിരുന്നത്. കോടികള്‍ തട്ടിയെന്നതടക്കമുള്ളത് വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ്. ഒട്ടും സഹിക്കാന്‍ പറ്റാത്ത ഒരു സാഹചര്യത്തിലാണ് പരാതി കൊടുത്ത് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്".മാനസിക സമ്മര്‍ദ്ദം കൂടി നെഞ്ചുവേദനയുണ്ടായി കഴിഞ്ഞദിവസം ആശുപത്രിയില്‍ ആയിരുന്നു താന്‍. ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി. ഇത്രയും കാലം നിശബ്ദയായിരുന്നു. ഇനി അങ്ങനെ പോവാന്‍ പറ്റില്ല. കേസുമായി മുന്നോട്ടുപോവുമെന്നും പരാതിക്കാരി പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മുന്‍ഭാര്യയുടെ പരാതിയില്‍ നടന്‍ ബാലയെ കൊച്ചി കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha