അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആരാധകര്‍
ഐക്കണ്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആരാധകര്‍. അല്ലുവിനെ അറസ്റ്റ് ചെയ്ത് എത്തിച്ച ചിക്കഡപള്ളി പൊലീസ് സ്റ്റേഷനു മുന്നില്‍ താരത്തിന്റെ ആരാധകര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ട്. താരത്തെ വൈദ്യപരിശോധനയ്‌ക്കെത്തിച്ച ഗാന്ധി ആശുപത്രിയുടെ പരിസരത്തും ആരാധകരുടെ വന്‍കൂട്ടമെത്തിയിരുന്നു.
പുഷ്പ 2 വിന്റെ പ്രിമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തില്‍ അല്ലുവിനെതിരെയും കേസെടുത്തെങ്കിലും അതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് താരത്തിന്റെ അറസ്റ്റ്. അറസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ബിആര്‍എസ് നേതാവ് കെ.ടി.രാമറാവു അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകര്‍ത്താക്കളുടെ അരക്ഷിതത്വത്തിന്റെ പ്രതിഫലനമാണ് അറസ്റ്റെന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം.
'ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോട് എനിക്ക് അനുതാപമുണ്ട്. പക്ഷേ അതിന്റെ യഥാര്‍ഥ ഉത്തരവാദികളാരാണ്? ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ അല്ലു അര്‍ജുനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് പെരുമാറിയത്' - കെടിആര്‍ പറഞ്ഞു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
ജൂബിലി ഹില്‍സിലെ വസതിയില്‍ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം അല്ലുവിനെ അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്ന് പറഞ്ഞതോടെ അല്ലു അതൃപ്തി അറിയിച്ചു. ഭാര്യ സ്‌നേഹ റെഡ്ഡിയും പിതാവ് അല്ലു അരവിന്ദും പൊലീസ് സംഘവുമായി തര്‍ക്കമുണ്ടായി. അതിനിടെ തെലങ്കാന പൊലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അല്ലുവിനെ അറസ്റ്റ് ചെയ്തു പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു.
ഇന്ത്യന്‍ ചലച്ചിത്ര വ്യവസായമാകെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. ഡിസംബര്‍ 5 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം അതിന്റെ തലേന്ന് ആരാധകര്‍ക്കായി പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു. നാലാംതീയതി രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ നടന്ന പ്രിമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടം. ചിത്രം കാണാന്‍ ആരാധകരുടെ വന്‍ തിരക്കായിരുന്നു തിയറ്ററില്‍. അതിനിടയിലാണ് അല്ലു അര്‍ജുനും പുഷ്പയുടെ സംവിധായകന്‍ സുകുമാറും എത്തിയത്.
അതോടെ ആരാധകരുടെ നിയന്ത്രണം വിടുകയും വന്‍ തിക്കും തിരക്കുമുണ്ടാകുകയുമായിരുന്നു. അതില്‍പെട്ടാണ് ദില്‍ഷുക്‌ന?ഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നു പ്രഖ്യാപിച്ച അല്ലു അര്‍ജുന്‍, തേജിന്റെ ചികില്‍സച്ചെലുകള്‍ വഹിക്കുമെന്നും കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും പറഞ്ഞിരുന്നു.
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് വന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്കു താരം വന്നതെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. അതേസമയം, വരുന്ന കാര്യം തിയറ്റര്‍ഉടമയെ അറിയിച്ചിരുന്നെന്നും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്നു നിര്‍ദേശിച്ചിരുന്നെന്നും അല്ലു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha