നടന്‍ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു...
സിനിമകാണാന്‍ എത്തി തിയറ്ററില്‍ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അറസ്റ്റിനെതിരെ അല്ലു നല്‍കിയ ഹര്‍ജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണ്. ഹൈക്കോടതിയുടെ തീരുമാനത്തിനു ശേഷമേ അല്ലുവിനെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമാവൂ. പുഷ്പയുടെ പ്രിമിയര്‍ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം, ബോധപൂര്‍വം ആരെയും ഉപദ്രവിക്കാന്‍ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നുമാണ് അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ വാദിച്ചത്. പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തില്‍ രാവിലെ അല്ലുവിനെ തെലങ്കാന പൊലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിരുന്നു.
നടന്റെ അപ്രതീക്ഷിത സന്ദര്‍ശനമാണ് തിയറ്ററില്‍ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തിയറ്ററില്‍ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നെന്നും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നെന്നും അല്ലു അര്‍ജുന്‍ കോടതിയെ അറിയിച്ചിരുന്നു.
വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡിസംബര്‍ നാലിന് നടന്ന പ്രീമിയര്‍ ഷോയ്ക്കിടെ ആയിരുന്നു അപകടം. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് അല്ലു അര്‍ജുനെ കസ്റ്റഡിയിലെടുത്തത്. ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അല്ലു അര്‍ജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. അല്ലു അര്‍ജുന് പുറമേ തിയറ്റര്‍ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha