അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ശ്രീദേവിയാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം നിലനില്‍ക്കുമോയെന്ന് കോടതി സംശയം ഉന്നയിച്ചു. ബോധപൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്ന വകുപ്പും നടനെതിരെ എടുക്കാനാകുമോയെന്നും കോടതി ചോദിച്ചു.
പുഷ്പ 2 ന്റെ പ്രിമിയര്‍ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു അല്ലുവിനു ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. അല്ലു അര്‍ജുന്‍ അടക്കമുള്ള താരങ്ങളോട് തിയറ്റര്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ രേഖകള്‍ ഉടന്‍ ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, ബോധപൂര്‍വം ആരെയും ഉപദ്രവിക്കാന്‍ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നുമായിരുന്നു അല്ലു അര്‍ജുന്റെ അഭിഭാഷകരുടെ വാദം. ദുരന്തം ഉണ്ടാകുമ്പോള്‍ താരം തിയറ്ററിനകത്ത് ആയിരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും നടന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ജാമ്യമനുവദിച്ചത്. ജാമ്യഹര്‍ജി തള്ളിയാല്‍ ചെഞ്ചല്‍ഗുഡയിലെ ജയിലിലേക്ക് അല്ലു അര്‍ജുനെ മാറ്റാനായി പൊലീസ് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തില്‍ രാവിലെ അല്ലുവിനെ തെലങ്കാന പൊലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മറ്റു മൂന്നു പേരെ കൂടി തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്ധ്യ തിയേറ്റര്‍ ഉടമകളിലൊരാളായ സന്ദീപ്, സീനിയര്‍ മാനേജര്‍ എം.നാഗരാജു, സൂപ്പര്‍വൈസര്‍ ഗന്ധകം വിജയ് ചന്ദര്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
അതിനിടെ, പുഷ്പ 2 പ്രദര്‍ശനത്തിന് മുന്നോടിയായി പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സന്ധ്യ തിയറ്റര്‍ മാനേജ്മെന്റ നല്‍കിയ കത്ത് പുറത്തുവന്നു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് നായകനും നായികയും പ്രൊഡക്ഷന്‍ യൂണിറ്റും എത്തുമെന്നും പൊലീസ് സുരക്ഷ നല്‍കണമെന്നുമായിരുന്നു അസിസ്റ്റന്റ് കമ്മിഷണര്‍ക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. ''സര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ല. നിയമം അതിന്റെ വഴിക്കു പോകും.'' - രേവന്ത് റെഡ്ഡി പ്രതികരിച്ചു.
https://www.facebook.com/Malayalivartha