വിവാദങ്ങള്‍ക്ക് പിന്നാലെ ആരാധകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ അല്ലു അര്‍ജുന്‍
തങ്ങളുടെ വികാരം ഉത്തരവാദിത്വത്തോടെ പ്രകടിപ്പിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍. സമൂഹമാദ്ധ്യമ കുറിപ്പിലൂടെയായിരുന്നു അഭ്യര്‍ത്ഥന. 'നിങ്ങളുടെ വികാരപ്രകടനങ്ങള്‍ പക്വതയോടെയായിരിക്കണമെന്ന് ഞാന്‍ എന്റെ എല്ലാ ആരാധകരോടും അഭ്യര്‍ത്ഥിക്കുകയാണ്. ഓണ്‍ലൈനിലും ഓഫ്ലൈനിലും അധിക്ഷേപകരമായ പെരുമാറ്റമോ വാക്കുകളോ ഉണ്ടാവരുത്. ഫേക്ക് ഐഡിയും ഫേക്ക് പ്രൊഫൈലും ഉപയോഗിച്ച് എന്റെ ആരാധകരെന്ന പേരില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കും. അത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കരുതെന്ന് എന്റെ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയാണ്'- എന്നാണ് അല്ലു അര്‍ജുന്‍ കുറിച്ചത്.
പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം വലിയ വിവാദമാവുകയും അല്ലു അര്‍ജുന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ നടനെ കുറ്റപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തുവരികയും ചെയ്തു. സംഭവ ദിവസം പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അര്‍ജുന്‍ പുഷ്പ 2 പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ എത്തിയെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിന് ശേഷവും നടന്‍ സിനിമാ ഹാളില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്നും ഇതാണ് നിര്‍ബന്ധിച്ച് പുറത്താക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്.
എന്നാല്‍ ആള്‍ക്കൂട്ടത്തിന് നേരെ കൈവീശി റോഡ്ഷോ നടത്തിയെന്ന ആരോപണം നടന്‍ നിഷേധിച്ചു. 'അനുമതി ഇല്ലായിരുന്നുവെങ്കില്‍, അവര്‍ ഞങ്ങളോട് മടങ്ങിപ്പോകാന്‍ പറയുമായിരുന്നു. ഞാന്‍ നിയമം അനുസരിക്കുന്ന പൗരനാണ്. അത്തരം നിര്‍ദേശങ്ങളൊന്നും എനിക്ക് നല്‍കിയിട്ടില്ല.'- എന്നായിരുന്നു വിമര്‍ശനത്തില്‍ നടന്റെ പ്രതികരണം.
https://www.facebook.com/Malayalivartha