സംവിധായകന് ശ്യാം ബെനഗല്‍ അന്തരിച്ചു
പ്രമുഖ സംവിധായകന് ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു അദ്ദേഹത്തിന്. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകള്‍ പിയ ബെനഗല്‍ അറിയിച്ചു. ഈ മാസം 14 നാണ് ബെനഗല്‍ 90 ാം പിറന്നാള്‍ ആഘോഷിച്ചത്.
ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങള്‍ ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. പത്മശ്രീ (1976), പത്മഭൂഷണ്‍ (1991) ബഹുമതികള്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2005 ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി 17 വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്നു. ഭാര്യ: നീര ബെനഗല്‍.
പ്രശസ്ത ഫൊട്ടോഗ്രഫറായിരുന്ന ശ്രീധര്‍ ബി, ബെനഗലിന്റെ മകനായി 1934 ഡിസംബര്‍ 14 ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ശ്യാം ജനിച്ചത്. കര്‍ണാടക സ്വദേശിയായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ ക്യാമറ ഉപയോഗിച്ച് 12ാം വയസ്സിലാണ് ശ്യാം ബെനഗല്‍ ആദ്യത്തെ ചലച്ചിത്രസൃഷ്ടി നടത്തിയത്. ഉസ്മാനിയ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായി ജോലി ചെയ്തു. 1962 ല്‍ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു.
1973 ലാണ് ആദ്യ സിനിമ അങ്കുര്‍ എടുത്തത്. പിന്നീട് നിഷാന്ത്, മന്ഥന്, ഭൂമിക എന്നീ ചിത്രങ്ങളും പുറത്തു വന്നതോടെ അക്കാലത്ത് ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളായി ബെനഗല്‍ കണക്കാക്കപ്പെട്ടു. 1966 മുതല്‍ 1973 വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായിരുന്നു. രണ്ടു തവണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായിരുന്നു. നാഷനല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാന്‍, ബര്‍ലിന്‍ അടക്കമുള്ള രാജ്യാന്തര ചലച്ചിത്ര വേദികളില്‍ ബെനഗല്‍ ചിത്രങ്ങള്‍ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അനന്ത് നാഗ്, അമരീഷ് പുരി, ഓം പുരി, നസറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിതാ പാട്ടീല്‍, രജിത് കപൂര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ബെനഗല്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.അങ്കുര്‍, നിശാന്ത്, മന്ഥന്, ഭൂമിക, സര്‍ദാരി ബീഗം, ജുനൂന്, കലിയുഗ്, കൊണ്ടൂറാ, ആരോഹണ്‍, വെല്‍ഡണ്‍ അബ്ബ തുടങ്ങിയവയാണ് പ്രധാന ചലച്ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha