അദ്ദേഹം പോയിട്ട് പത്ത് ദിവസമായി. മറക്കാൻ പറ്റാത്തതിനാലാണ് വന്നത്- എംടിയുടെ വീട് സന്ദർശിച്ച് മമ്മൂട്ടി
ഡിസംബർ 25നാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടി വിട പറഞ്ഞത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്നും ആരും തന്നെ എംടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. മരണ വിവരം അറിഞ്ഞയുടൻ വൈകാരികമായ കുറിപ്പാണ് മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. എന്നാലിപ്പോഴിതാ എംടിയുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് മമ്മൂട്ടി. കോഴിക്കോട് നടക്കാവ് കൊട്ടരം റോഡിലുള്ള എംടിയുടെ വസതിയായ സിത്താരയിലേക്ക് മമ്മൂട്ടി എത്തുന്നതിന്റെയും കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിന്റെയും വീഡിയോ വൈറലാണ്. എംടിയുടെ ഭാര്യയും മകളും മരുമകനും കൊച്ചുമക്കളുമെല്ലാം ചേർന്നാണ് മമ്മൂട്ടിയെ സ്വീകരിച്ചത്. മമ്മൂട്ടിക്കൊപ്പം നടനും സംവിധായകനുമായ രമേഷ് പിഷാരടിയുമുണ്ടായിരുന്നു. സന്ദർശനം കഴിഞ്ഞ് മടങ്ങവെ മാധ്യമങ്ങളോട് മമ്മൂട്ടി പ്രതികരിച്ചു. പുതുവത്സര ആശംസകൾ നേർന്നുകൊണ്ടാണ് താരം സംസാരിച്ച് തുടങ്ങിയത്. എംടിയുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പോയിട്ട് പത്ത് ദിവസമായി. മറക്കാൻ പറ്റാത്തതിനാലാണ് വന്നത്. അത്രയേയുള്ളു എന്നായിരുന്നു പ്രതികരണം.
https://www.facebook.com/Malayalivartha