തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നതില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്കി നടി ഹണി റോസ്
തുടര്‍ച്ചയായി തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നതില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും നടി പങ്കുവെച്ചു.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നടി ഹണി റോസ് നല്കിയ പരാതിയില്‍ പോലീസ് മൊഴിയെടുത്തിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. നടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പോലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കും.
നടിയുടെ പരാതിയില്‍ മുപ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതില്‍ എറണാകുളം കുമ്പളം സ്വദേശി ഷാജിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള ആളുകളുടെ കമന്റുകള്‍ പരിശോധിക്കുകയാണെന്ന് സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. കേസെടുത്ത വിവരം അറിഞ്ഞതിനു പിന്നാലെ പലരും കമന്റുകള്‍ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് റദ്ദാക്കിയതായും പൊലീസ് കണ്ടെത്തി.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം തനിക്കെതിരെ നിരന്തരം ദ്വയാര്‍ഥ പ്രയോഗം നടത്തുന്നയാള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹണി റോസ് നിലപാട് കടുപ്പിച്ചത്. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ലെന്നും ഹണി റോസ് പറഞ്ഞു.
താരത്തിന്റെ നിയമ പോരാട്ടത്തിന് പിന്തുണയുമായി താര സംഘടനയായ 'അമ്മ'യും രംഗത്തെത്തി. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ 'അമ്മ' അപലപിച്ചു. അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റി ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.
ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്
ബോബി ചെമ്മണ്ണൂര്‍,
താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ളീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്.
താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാകും.
താങ്കള്‍ താങ്കളുടെ പണത്തിന്രെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.
ഹണി റോസ് വര്‍ഗീസ്
https://www.facebook.com/Malayalivartha