മുന്‍കൂര്‍ജാമ്യം തേടാൻ ബോബി ചെമ്മണ്ണൂർ! നടി ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘം അന്വേഷിക്കും..
നടി ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം സെൻട്രൽ എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.
'ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു' എന്നാണ് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ പറയുന്നത്. സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. പിന്നീടാണ് എറണാകുളം സെൻട്രൽ പൊലീസിൽ നേരിട്ടെത്തി താരം പരാതി നൽകുകയും ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്‍തത്.
പിന്നാലെ ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. അതേസമയം മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബോബി ചെമ്മണ്ണൂര്‍. ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തി. അവൾക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് ഹണി റോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. നേരത്തെ ഹണി റോസിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്തെത്തിയിരുന്നു. ഹണി റോസ് വളരെ കൃത്യമായ ഒരു പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും പണക്കൊഴുപ്പിനും പിആർ ബലത്തിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത് എന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha