ഹണി റോസിന്റെ പരാതിയ്ക്ക് പിന്നാലെ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കും...
ഹണി റോസിന്റെ പരാതിയ്ക്ക് പിന്നാലെ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതിയിൽ ഹാജരാക്കുക. ഇതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ വീണ്ടും വൈദ്യപരിശോധന നടത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഇന്നലെ രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു. കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ വൈദ്യ പരിശോധനയ്ക്ക് എത്തിയത്.തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ല എന്നും ആവർത്തിച്ച ബോബി ചെമ്മണ്ണൂർ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും നാല് മാസം മുൻപുണ്ടായ കാര്യങ്ങളിൽ ഇപ്പോൾ പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബൊച്ചെയുടെ മൊഴി. എറണാകുളം ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരിച്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് രാത്രി ഏഴുമണിയോടെയാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്. സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകുന്നത് മുൻകൂട്ടി കണ്ടുകൊണ്ട് കൂടിയായിരുന്നു ഈ നീക്കം. റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തുപോകാൻ തയ്യാറെടുക്കുമ്പോൾ പൊലീസ് കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ നീക്കം ലോക്കൽ പൊലീസിനെപ്പോലും അറിയിച്ചിരുന്നില്ല. ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഹണി റോസിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെയുള്ള തന്റെ അനിഷ്ടവും വിയോജിപ്പും തുറന്നു പറഞ്ഞ് നടി ഹണി റോസ്. ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ തന്നെ‘കുന്തിദേവി’ എന്ന് ബോബി ചെമ്മണ്ണൂർ വിളിച്ചതിലുള്ള തന്റെ അനിഷ്ടം വേദിയിൽ വച്ച് പ്രകടിപ്പിക്കാതിരുന്നത് ഉദ്ഘാടനത്തിന് വിളിച്ചവരോടുള്ള ആദരവ് കാരണമാണെന്ന് ഹണി റോസ് പറഞ്ഞു. വീട്ടിലെത്തിയതിനു ശേഷം പ്രോഗ്രാം കോർഡിനേറ്ററെ വിളിച്ച് തനിക്കുള്ള എതിർപ്പ് പറയാൻ ഏർപ്പെടുത്തിയെന്നും ഇനി മുതൽ ഇദ്ദേഹം പങ്കെടുക്കുന്ന ഒരു പരിപാടിയിലും താൻ ഉണ്ടാകില്ല എന്ന് തീരുമാനിച്ചുവെന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു. മുൻപ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറയാതിരുന്നത് ഭയം കൊണ്ടല്ല. നിയമപ്രശ്നങ്ങൾ പരിഗണിച്ചാണ് അത്തരമൊരു കാര്യത്തിൽ ശ്രദ്ധ പുലർത്തിയത്. അതുകൊണ്ടാണ് മുൻപ് അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ ഇരുന്നതെന്നും ഹണി റോസ് വെളിപ്പെടുത്തി. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്. നടിയുടെ ചിത്രം മോശമായ രീതിയിൽ തംബ്നെയിൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha