ജയചന്ദ്രന്റെ ഈ വിയോഗത്തില്‍ അങ്ങേയറ്റം ദു:ഖമുണ്ട്- യേശുദാസ്
മലയാളികളുടെ പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. ആറു പതിറ്റാണ്ടോളം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശബ്ദമാണ് നിലച്ചിരിക്കുന്നത്. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാവഗായകന്‍ എന്ന് സംഗീത പ്രേമികള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന ജയചന്ദ്രന്‍ സിനിമകള്‍ക്ക് പുറമെ ലളിതഗാനത്തിലും ഭക്തിനാഗത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീത ലോകത്തിന് തീരാനഷ്ടമാണ് പി ജയചന്ദ്രന്റെ വിടവ്. അദ്ദേഹത്തിന് അനുശോചനം അറിയിച്ചിരിക്കുകയാണ് ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ്. സഹോദര തുല്യനായിരുന്ന ജയചന്ദ്രന്റെ വിയോഗത്തില്‍ ദു:ഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു. 'ജയചന്ദ്രന്റെ ഈ വിയോഗത്തില്‍ അങ്ങേയറ്റം ദു:ഖമുണ്ട്. ഓര്‍മകള്‍ മാത്രമാണ് ഇനി പറയാനും അനുഭവിക്കാനുമുള്ളു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തിയാണ്. സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. എന്തായാലും ജയനെ സ്‌നേഹിച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന് വിയോഗത്തില്‍ ദു:ഖമുണ്ടെന്ന് അറിയിച്ചുകൊള്ളുന്നു'-.യേശുദാസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് പി.ജയചന്ദ്രന്‍ അന്തരിച്ചത്. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പൂങ്കുന്നത്തെ വീട്ടിൽ വെള്ളിയാഴ്ച എട്ടു മുതൽ 10 വരെയും റീജണൽ തിയേറ്ററിൽ 12 വരെയും പൊതുദർശനം. സംസ്കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തിൽ.
മലയാളികളുടെ പ്രണയത്തിനും വിരഹത്തിനും ആഘോഷത്തിനും സങ്കടങ്ങള്‍ക്കുമെല്ലാം കൂട്ടായി മാറിയ ശബ്ദമാണ് നിലച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അദ്ദേഹം പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2020 ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. തന്റെ ശബ്ദത്തിലെ ഭാവമായിരുന്നു അദ്ദേഹത്തെ മലയാളികളുടെ പ്രിയങ്കരനാക്കി മാറ്റിയത്. ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസ തുല്യരായ സംഗീത സംവിധായകര്‍ മുതല്‍ പുതുതലമുറയിലെ സംഗീത സംവിധായകര്‍ക്കൊപ്പം വരെ പാടിയിട്ടുണ്ട്. 1944 മാര്‍ച്ച് മൂന്നിനായിരുന്നു പി ജയചന്ദ്രന്റെ ജനനം. കൊച്ചിയില്‍ വച്ചായിരുന്നു ജനനം. പിന്നീട് കുടുംബം തൃശ്ശൂരിലേക്ക് താമസം മാറുകയായിരുന്നു. സംഗീത കുടുംബത്തിലായിരുന്നു ജനനം. കളിത്തോഴന്‍ എന്ന സിനിമയില്‍ ജി ദേവരാജന്‍ സംഗീതം നിര്‍വ്വഹിച്ച മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം പാടിയാണ് പിന്നണി ഗാന രംഗത്തിലേക്ക് എത്തുന്നത്. അഞ്ച് തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര്‌സകാരവും രണ്ട് തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഒരു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, തേരിറങ്ങും മുകിലേ, ഓലഞ്ഞാലി കുരുവി, അറിയാതെ അറിയാതെ, ഇതളൂര്‍ന്നു വീണ, പാട്ടില്‍ ഈ പാട്ടില്‍, അനുരാഗഗാനം പോലെ, ആരു പറഞ്ഞു, സുപ്രഭാതം തുടങ്ങിയ അദ്ദേഹത്തിന്റെ പാട്ടുകള്‍ എന്നും മലയാളികളുടെ മനസില്‍ മായാതെയുണ്ടാകും.
https://www.facebook.com/Malayalivartha