മൂന്ന് തവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചിരുന്നു... അനുവാദം ലഭിക്കാത്തതിനാൽ കാണാൻ സാധിച്ചില്ല! കെ എസ് ചിത്ര
മലയാളത്തിന്റെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ വിടവാങ്ങുമ്പോള്‍ സംഗീത ലോകത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് വളരെ വലുതാണ്. അടുപ്പമുള്ളവര്‍ക്കെല്ലാം ജയേട്ടനാണ് പി ജയചന്ദ്രന്‍ എന്ന ഭാവ ഗായകന്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് സിനിമാ സംഗീത രംഗത്തെ നിരവധി പേരാണ് അനുശോചന കുറിപ്പുകള്‍ പങ്കുവച്ചത്. അതില്‍ ഏറ്റവും അധികം ശ്രദ്ധ നേടുന്നതിലൊന്ന് ഗായിക കെ എസ് ചിത്രയുടെ ഹൃദയം വിങ്ങുന്ന വാക്കുകളാണ്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ അദ്ദേഹം ഉഴലുന്നുവെന്ന് അറിഞ്ഞപ്പോള്‍ നിരവധി തവണ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചിട്ടും തനിക്ക് അനുവാദം ലഭിച്ചില്ലായെന്നും അതിന്റെ വേദനയും വിങ്ങലും അറിയിച്ചുകൊണ്ടാണ് ചിത്ര തന്റെ ചുരുങ്ങിയ വാക്കുകളിലൂടെ അനുശോചനം പങ്കുവച്ചത്. ഗായികയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. ജയേട്ടൻ്റെ പെട്ടെന്നുള്ള വിയോഗവാർത്ത കേട്ട് അഗാധമായ ദുഃഖം തോന്നി. ഞാൻ എൻ്റെ സ്റ്റേജ് ഷോകൾ ആരംഭിച്ചത് അദ്ദേഹത്തോടൊപ്പമായിരുന്നു. തൃശ്ശൂരിലുളള സമയത്ത് മൂന്ന് തവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചിരുന്നു. അനുവാദം ലഭിക്കാത്തതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ലയെന്നും കെ എസ് ചിത്ര ഫേയ്സ്ബുക്കിൽ കുറിച്ചു. അതേസമയം ജയചന്ദ്രനെ അവസാന നോക്കു കാണാന്‍ കഴിയാത്തതിന്റെ ഹൃദയം നുറുങ്ങുന്ന വേദനയാണ് യേശുദാസും പങ്കുവെച്ചത്. ജയചന്ദ്രന്റെ ഈ വിയോഗത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. ഓര്‍മകള്‍ മാത്രമാണ് ഇനി പറയാനും അനുഭവിക്കാനുമുള്ളു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തിയാണ്. സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. എന്തായാലും ജയനെ സ്‌നേഹിച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന് വിയോഗത്തില്‍ ദു:ഖമുണ്ടെന്ന് അറിയിച്ചുകൊള്ളുന്നുവെന്നുമായിരുന്നു യേശുദാസ് പറഞ്ഞത്.
അതേസമയം ഭാവഗായകനെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാതാരങ്ങൾ ഉൾപ്പെടെ എത്തിയിരുന്നു. 1966 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. 1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. 1973 ല്‍ പുറത്തിറങ്ങിയ 'മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. 1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.
https://www.facebook.com/Malayalivartha