വമ്പൻ കുതിപ്പിൽ ആസിഫ് അലിയുടെ ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമ രേഖാചിത്രം
മലയാളികളുടെ പ്രിയ താരം ആസിഫ് അലിയുടെ ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം. തിയേറ്ററുകളിലെത്തി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ മികച്ച കളക്ഷനുമായി സിനിമ മുന്നേറുകയാണ്. ഇന്ത്യയില്‍ നിന്ന് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ 7.32 കോടി കടന്നതായാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. വിദേശ ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച കളക്ഷൻ ലഭിക്കുന്നുണ്ട്. ചിത്രം ഇതിനകം 5.25 കോടിയാണ് വിദേശ ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ആഗോള തലത്തിൽ രേഖാചിത്രം 10 കോടി കടന്നതായാണ് സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്.സമ്മിശ്ര പ്രതികരണങ്ങളുമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രമാണ് രേഖചിത്രം. ആസിഫ് അലിയുടെയും അനശ്വര രാജന്‍റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അതിനൊപ്പം ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ജോണർ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
https://www.facebook.com/Malayalivartha