തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം... ബോബിക്കെതിരേ രൂക്ഷപരാമർശവുമായി കോടതി!
ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയിൽമോചിതനായി. ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ബോബി ജയിലിൽനിന്ന് പുറത്തിറങ്ങി. ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു ബോബി ചെമ്മണൂരിന്‍റെ നിലപാട്. അതിനിടയിൽ ബോചെയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അസാധാരണ നീക്കവുമായി ഹൈക്കോടതി രംഗത്തെത്തി. ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ചത്തിനെതിരെയാണ് ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി രംഗത്തെത്തിയത്. വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നാടകം വേണ്ടെന്ന് കോടതി ബോബിയുടെ അഭിഭാഷകരോട് പറഞ്ഞു. മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു. ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.കാക്കനാട് ജയിലിലായിരുന്നു ബോബി ചെമ്മണൂർ കഴിഞ്ഞിരുന്നത്. ഹണിറോസിനെതിരായി ജാമ്യഹർജിയിൽ പറഞ്ഞകാര്യങ്ങൾ ബോബി ചെമ്മണൂർ പിൻവലിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ആറാംനാളാണ് ബോബി ചെമ്മണൂർ പുറത്തേക്ക് വരുന്നത്. ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഹർജി വായിക്കുമ്പോൾത്തന്നെ ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു.
അതേസമയം ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് സത്യവാങ്മൂലമായി ജയില്‍ അധികൃതര്‍ക്ക് എഴുതി നല്‍കി. വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയില്‍മോചിതനാകാന്‍ തയ്യാറായിരുന്നില്ല. ജയിലിന് പുറത്തെത്തിയ ബോബി ഇക്കാര്യം ആവര്‍ത്തിച്ചു. അത് കോടതി അലക്ഷ്യമല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ബോബി തയ്യാറായില്ല. ബോബിയെ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അനുവദിക്കാതെ അഭിഭാഷകര്‍ കൂട്ടിക്കൊണ്ടുപോയി. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. രാത്രി ഏഴരവരെയാണ് ജയിലിൽനിന്ന് പുറത്തിറങ്ങാനുള്ള സമയം അനുവദിച്ചത്. ബോബി ജയില്‍മോചിതനാകുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിനാളുകള്‍ ജയില്‍ക്കവാടത്തിന് മുന്നില്‍ എത്തിയിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. പ്രതിഭാഗത്തിന്റെ ഈ നടപടികളില്‍ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 10.15-ഓടെ ബോബിയുടെ അഭിഭാഷകരോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോബിയെ തിരക്കിട്ട് ജയിലിന് പുറത്തെത്തിച്ചത്.
https://www.facebook.com/Malayalivartha