സെയ്ഫിനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്....
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെദം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ അതിക്രമിച്ചു കയറിയതെന്നും പൊലീസ് അറിയിച്ചു. ഫയര്‍ എസ്‌കേപ്പ് വഴിയാണ് അക്രമി ഫ്‌ലാറ്റിലേക്ക് പ്രവേശിച്ചതെന്നും നടനെ കുത്തിയ ശേഷം പ്രധാന ഗോവണിയിലൂടെ ഇയാള്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം സെയ്ഫ് അലി ഖാന്റെ വീട്ടുജോലിക്കാരിയായ എലിമ്മാ ഫിലിപ്പ് എന്ന ലിമയാണ് അക്രമി ഫ്‌ലാറ്റിലേക്ക് പ്രവേശിക്കുന്നത് ആദ്യം കണ്ടതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതിയെ തടയാന്‍ ശ്രമിച്ച ജോലിക്കാരിയുടെ കൈക്ക് പരുക്കേറ്റു. എലിമ്മയുടെ നിലവിളി കേട്ടാണു സെയ്ഫ് ഓടി വന്നതെന്നും തുടര്‍ന്നുണ്ടായ സംഘട്ടത്തിനിടെ പ്രതി കത്തിയുപയോഗിച്ച് സെയ്ഫിനെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമിയെ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കായി മുംബൈ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അക്രമിയെ കണ്ടെത്താന്‍ പത്ത് പ്രത്യേക സംഘത്തെയാണു മുംബൈ പൊലീസ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ''കത്തികൊണ്ട് തൊറാസികിന് സമീപത്തെ സുഷുമ്‌നാ നാഡിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കത്തിയുടെ ഭാഗം നട്ടെല്ലിനു സമീപത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇടതുകയ്യിലും കഴുത്തിലും ആഴത്തിലുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. ഇത് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കി. സെയ്ഫ് അപകടനില തരണം ചെയ്തു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചുവരുകയാണ്.'' - മെഡിക്കല്‍ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha