'ജീവിതത്തില്‍ ചില സംഭവങ്ങള്‍ നമ്മള് വിചാരിച്ചിട്ട് നടക്കുന്നതല്ല; വലിയൊരു ഭാഗ്യം ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നു'; കൃഷ്ണകുമാര്‍
144 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്നതാണ് മഹാകുംഭമേള. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ജീവിതത്തിലെ മഹാപുണ്യമായി കരുതുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. വലിയൊരു ഭാഗ്യം ജീവിതത്തില്‍ സംഭവിച്ചതായിട്ടാണ് തോന്നിയതെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു.
''ജീവിതത്തില്‍ ചില സംഭവങ്ങള്‍ നമ്മള് വിചാരിച്ചിട്ട് നടക്കുന്നതല്ല. അതങ്ങ് നടക്കുന്നതാണ്. മഹാകുംഭമേളയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. 144 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആരംഭിച്ച പ്രയാഗില്‍ തന്നെ കുംഭമേള തിരിച്ചു വരികയാണ്. അന്നത്തെ നക്ഷത്രങ്ങളുടെ സ്ഥാനം വച്ചു നോക്കുമ്പോള്‍ എല്ലാംകൊണ്ടും ഏറ്റവും നല്ല സമയം എന്നാണ്. സാഹചര്യങ്ങളും വ്യക്തികളും മാറി എന്നുമാത്രം. ഇനി ഇതുപോലെ സംഭവിക്കണമെങ്കില്‍ 144 വര്‍ഷങ്ങള്‍ കഴിയേണ്ടി വരും.
പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് കുംഭമേളയില്‍ പങ്കെടുക്കണമെന്നും, എന്താണ് കുംഭമേള എന്ന് അറിയണമെന്നും. ഇത്തവണ ട്രെയിനില്‍ സഞ്ചരിച്ചുകൊണ്ട് പ്രയാഗില്‍ എത്താനാണ് തീരുമാനിച്ചത്. മകരസംക്രാന്ത്രി ദിവസത്തിലാണ് പോയത്. മൂന്നര കോടി ആളുകള്‍ ത്രിവേണി സംഗമത്തിനെത്തി. വലിയ പ്രയാസമായിരുന്നു അവിടെ എത്താന്‍. കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നു. വാഹനങ്ങള്‍ നിരോധിച്ചിരുന്നു.
എന്നിരുന്നാലും എല്ലാം കൃത്യമായി നിയന്ത്രിച്ചുകൊണ്ടുള്ള സംവിധാനമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇത്രകോടി ആളുകള്‍ വന്നിട്ടും ശുചിത്വത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ല. ഏറ്റവും മികച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംഘാടനം അതിമനോഹരമാണ്.
പണക്കാരനെന്നോ വിഐപിയെന്നോ ഉള്ള ഒരു വ്യത്യാസവും അവിടെയില്ല. എല്ലാവരും ഒരുപോലെയാണ്. വലിയൊരു ഭാഗ്യം ജീവിതത്തില്‍ സംഭവിച്ചതായിട്ടാണ് തോന്നിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് അതീവ സാമര്‍ത്ഥ്യത്തോടെയാണ് യോഗി ആദിത്യനാഥ് നടപ്പിലാക്കുന്നത്. ഒരിക്കല്‍ പോലും വൈദ്യുതി തടസം ഉണ്ടായിട്ടില്ല. രാത്രി പോലും പകലിന് സമാനമായാണ് ഒരുക്കിയിട്ടുള്ളതെന്നും കൃഷ്ണകുമാര്‍ വിവരിച്ചു.
https://www.facebook.com/Malayalivartha