കോടതിയിലേക്ക് ഓടിക്കയറി നടി; സനൽകുമാർ ശശിധരനെതിരെ രഹസ്യ മൊഴി!!
![](https://www.malayalivartha.com/assets/coverphotos/w657/327096_1739279943.jpg)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യറുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ നിരവധി അവകാശവാദങ്ങളുന്നയിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി എന്നെല്ലാം ചോദിച്ചുകൊണ്ടാണ് സംവിധായകന്റെ പോസ്റ്റുകൾ.
ഇപ്പോഴിതാ സനൽകുമാർ ശശിധരനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയിരിക്കുകയാണ് നടി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സനൽകുമാർ നിലവിൽ അമേരിക്കയിലാണെന്നാണ് വിവരം. ഇയാൾക്കായി ലുക്ക് ഔട്ട് നേട്ടീസും സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇയാളെ വിദേശത്തുനിന്ന് നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് വിവരം. ഇതിനായി അമേരിക്കൻ എംബസിയുമായി പോലീസ് ബന്ധപ്പെടുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നൽകിയിരുന്നു.
നടിയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് സംവിധായകനെതിരെ എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, താൻ പുറത്ത് വിട്ട ശബ്ദരേഖ നടിയുടേതാണ് എന്നതിന് തെളിവുണ്ടെന്നും ഒരു മാധ്യമത്തോട് പ്രതികരിക്കവെ സംവിധായകൻ പറഞ്ഞു.
അതേസമയം സനൽ കുമാർ ശശിധരൻ അമേരിക്കയിലാണെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാൺ സംവിധായകന്റെ വിദേശയാത്രകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിന് കത്ത് നൽകിയിരുന്നു. പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനൽകുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി.
നടിയ്ക്ക് വേണ്ടി ഹാജരാകുന്നത് തിരക്കഥാകൃത്തും നടിയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവി ആണ്. സനൽ കുമാറിനെതിരെ ഇതേ നടി 2022 ൽ നൽകിയ പരാതിയിലും കേസ് നിലനിൽക്കുന്നുണ്ട്.ഈ കേസിൽ സനൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് നടി വീണ്ടും പരാതി നൽകിയത്. മഞ്ജു വാര്യർ നൽകിയ പരാതിയിൽ എളമക്കര പൊലീസ് ജനുവരി 27 നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
നിലവിൽ യു എസിലെ വിർജിനിയയിലാണ് സനൽ കുമാർ ശശിധരൻ. അവിടെ നിന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കിടുന്നത്. സനൽ കുമാർ ശശിധരനെ സഹായിക്കുന്നവരെയും ബാധിക്കുന്ന തരത്തിൽ മുന്നോട്ടുള്ള നടപടികൾ കൊണ്ടുപോകും എന്നാണ് ശാന്തി മായാദേവി പറയുന്നത്. രണ്ടാം തവണയാണ് പ്രതി കുറ്റകൃത്യം ആവർത്തിക്കുന്നതെന്ന് ശാന്തി മായാദേവി പറഞ്ഞു.
കുറ്റകരമായി ഭീഷണിപ്പെടുത്തുക, അപകീർത്തികരമായ വിധത്തിൽ നടിയുടെ പേര് ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുക, വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുക എന്നതെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശാന്തിമായാദേവി പറയുന്നു. 2022 ൽ ഐപിസി 354 ഡി പ്രകാരമാണ് കേസ് എടുത്തത് എങ്കിൽ ഇത്തവണ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്.
ഇന്ത്യയിൽ ആണെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സനൽകുമാർ നേരിടേണ്ടി വരും എന്നും ശാന്തി വ്യക്തമാക്കിയിരുന്നു. അതേസമയം വിദേശത്തായതിനാൽ തന്നെ സനൽകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. എന്നാൽ എംബസി വഴി പ്രതിയ്ക്കെതിരായ നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
സനൽ കുമാർ ശശിധരൻ തുടരുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് എന്നാണ് നടി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വാർത്തയായി പ്രസിദ്ധീകരിക്കുന്നതിനെതിരായി നിയമനടപടികൾ സ്വീകരിക്കും എന്ന് നടി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha