ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകളാണ് ഇന്നു യോഗം ചേര്‍ന്നു: നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമാ സമരത്തെ തള്ളി താരസംഘടനയായ അമ്മ

ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകളാണ് ഇന്നു യോഗം ചേര്‍ന്നു. ചെലവ് കുത്തനെ ഉയര്‍ന്നതോടെ സിനിമകള്‍ നിര്‍മിക്കാനാകുന്നില്ലെന്നു പറഞ്ഞു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കുക, നിര്‍മാണച്ചെലവ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ സിനിമാമേഖല ജൂണില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഇതിനു മുന്നോടിയായി സൂചന പണിമുടക്ക് നടത്തുമെന്നും അറിയിച്ചു.എന്നാല്‍ നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമാ സമരത്തെ തള്ളി താരസംഘടനയായ അമ്മ
നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇതിനെതിരെ രൂക്ഷമായി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. സംഘടനാ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയ സുരേഷ് കുമാറിനെതിരെയും ആന്റണി സംസാരിച്ചു. ആന്റണിക്ക് പിന്തുണയുമായി മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നു. അമ്മ 'നാഥനില്ലാ കളരി'യാണെന്നു പ്രസ്താവിച്ച സുരേഷ് കുമാറിനെതിരെ അഡ്‌ഹോക് ഭരണസമിതി അംഗം ജയന്‍ ചേര്‍ത്തല പ്രതികരിച്ചു. നിര്‍മാതാക്കളുടെ സംഘടന അമ്മയ്ക്കു കോടികള്‍ മടക്കി നല്‍കാനുണ്ട് എന്നതടക്കമുള്ള ജയന്റെ വിമര്‍ശനത്തിന് വക്കീല്‍ നോട്ടിസിലൂടെയാണ് അസോസിയേഷന്‍ പ്രതികരിച്ചത്.
ഇന്നുചേര്‍ന്ന അമ്മ യോഗം ജയന്‍ ചേര്‍ത്തലയ്ക്ക് എല്ലാ നിയമസഹായവും നല്‍കുമെന്നു വ്യക്തമാക്കി. ''കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാവ്യവസായം ചിലരുടെ പിടിവാശിമൂലം അനാവശ്യ സമരത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു. ഇതുവഴി സാമ്പത്തികരംഗത്തെ മാത്രമല്ല സിനിമയെ ആശ്രയിച്ചു കഴിയുന്ന നിരവധി തൊഴിലാളികളെയും മോശമായി ബാധിക്കും''- അമ്മ യോഗം വിലയിരുത്തി. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ അടുത്ത ജനറല്‍ ബോഡി യോഗത്തിനു ശേഷമേ തീരുമാനമെടുക്കൂ.
മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏത് സംഘടനകളുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും യോഗം വ്യക്തമാക്കി. അപ്രതീക്ഷിതമായാണ് ഇന്ന് അമ്മ അംഗങ്ങളുടെ യോഗം വിളിച്ചത്. കൊച്ചിയില്‍ ഉള്ളവരും എത്തിച്ചേരാന്‍ സാധിക്കുന്നവരും എത്തണമെന്നായിരുന്നു അറിയിപ്പ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവീനോ തോമസ്, ബേസില്‍ ജോസഫ്, സിദ്ദിഖ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജു പിള്ള, ബിന്ദു പണിക്കര്‍ തുടങ്ങി 50ലേറെ പേര്‍ പങ്കെടുത്തു.
നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളുമെല്ലാമടങ്ങുന്ന ഫിലിം ചേംബര്‍, നിര്‍മാതാക്കള്‍ക്കും സിനിമാ സമരത്തിനും പിന്തുണ പ്രഖ്യാപിച്ചു.ചേംബറിലെ അംഗം കൂടിയായ ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. സംഘടനയെ വിമര്‍ശിക്കുന്ന ആന്റണിയുടെ സമൂഹമാധ്യമ പോസ്റ്റ് നീക്കണമെന്നും ആവശ്യപ്പെട്ടു. ആന്റണിക്കെതിരെ അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.
https://www.facebook.com/Malayalivartha