'അയാളും ഞാനും തമ്മില്‍' എന്ന സിനിമയുടെ കഥ നടന്‍ പൃഥ്വിരാജിനോട് സംസാരിക്കാന്‍ പോയപ്പോള്‍ പൃഥ്വിരാജ് ചോദിച്ചത്?

സംവിധായകന്‍ കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് 'ഒരു മറവത്തൂര്‍ കനവ്' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒരു പിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
മീശമാധവന്‍, ചാന്തുപൊട്ട്, നീലത്താമര, രസികന്‍, ക്ലാസ്‌മേറ്റ്‌സ്, സ്പാനിഷ് മസാല, ഡയമണ്ട് നെക്ലെയ്‌സ്, അയാളും ഞാനും തമ്മില്‍, വിക്രമാദിത്യന്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോഴിതാ 'അയാളും ഞാനും തമ്മില്‍' എന്ന സിനിമയുടെ കഥ നടന്‍ പൃഥ്വിരാജിനോട് സംസാരിക്കാന്‍ പോയപ്പോള്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ലാല്‍ ജോസ് പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലാല്‍ ജോസിന്റെ വാക്കുകള്‍
'അയാളും ഞാനും തമ്മില്‍' എന്ന പേര് അന്ന് ആ സിനിമയ്ക്ക് ഇട്ടിട്ടില്ല. തുടക്കത്തില്‍ കഥയെക്കുറിച്ച് സംസാരിക്കാന്‍ നടന്‍ പൃഥ്വിരാജിന്റെ അടുത്തേക്കാണ് പോയത്. ആ സമയത്ത് ഡയമണ്ട് നെക്ലെയ്‌സ് റിലീസ് ആയിരുന്നു. അപ്പോള്‍ പൃഥ്വിരാജ് ആദ്യം എന്നോട് ചോദിച്ചത്. ' ലാലേട്ടാ, ഡയമണ്ട് നെക്ലെയ്‌സ് എന്ന സിനിമ ചെയ്യുമ്പോള്‍ ആ ഡോക്ടര്‍ അരുണ്‍ കുമാര്‍ എന്ന് പറയുന്ന ക്യാരക്ടറിന് എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത്' എന്നാണ്.
ഫഹദ് അസലായിട്ട് അത് ചെയ്തിട്ടുണ്ട്. പക്ഷേ നമ്മള്‍ തമ്മില്‍ ഒരു പടം ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്ത്, ഒരു കഥ വരുമ്പോള്‍ എന്തുകൊണ്ടാണ് തന്റെ മുഖം ലാലേട്ടന്റെ മനസില്‍ വരാതിരുന്നതെന്നാണ് രാജു ചോദിച്ചത്. ഞാന്‍ പറഞ്ഞു, രാജുവിന് ചെയ്യാന്‍ പറ്റുന്ന ക്യാരക്ടര്‍ ആണ് അതെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി.
പക്ഷേ ആ കഥ ഇക്ബാല്‍ എന്നോട് പറയുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വന്നത് ഫഹദിന്റെ മുഖമാണ്. ഫഹദിന്റെ എക്സ്പ്രഷനും ഫഹദിന്റെ കള്ളച്ചിരിയും ഓക്കെയാണ്. ഫഹദ് ഓക്കെ പറയുകയും കൂടി ചെയ്തു കഴിഞ്ഞപ്പോള്‍ പിന്നെ വേറെ ഒരു ഓപ്ഷന്‍സിനെ കുറിച്ചൊന്നും നമ്മള്‍ ആലോചിച്ചില്ല. ആദ്യം എനിക്ക് ഓര്‍മ്മ വന്നത് അവന്റെ മുഖമായിരുന്നു. അത് തന്നെ ഉറപ്പിച്ചു. ഞാന്‍ രാജുവിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha