സോഷ്യല്‍ മീഡിയ വഴി തന്നെ അപമാനിക്കുന്നു: എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നല്‍കി ബാല

സോഷ്യല്‍ മീഡിയ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കി നടന്‍ ബാല. മുന്‍ പങ്കാളി എലിസബത്ത്, മുന്‍ ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്‌സ് എന്നിവര്‍ക്കെതിരെയാണ് താരം പരാതി നല്‍കിയത്. ഭാര്യ കോകിലയ്ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്.
സോഷ്യല്‍ മീഡിയ വഴി യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്ന് തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് ബാലയുടെ പരാതി. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് താന്‍ വഴങ്ങിയില്ല. അതിന് പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ കുറച്ചുദിവസമായി മുന്‍ പങ്കാളി എലിസബത്ത് ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം ബാലയുടെ ഭാര്യ കോകിലയ്ക്ക് എതിരെയും എലിസബത്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാല ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയത്.
'എന്നെയും കുടുംബത്തെയും ഹരാസ് ചെയ്യുകയാണ്. കേരളത്തില്‍ ആര്‍ക്കെങ്കിലും പൈസയില്ലെങ്കില്‍ എന്നെ കുറിച്ച് മോശമായി സംസാരിച്ചാല്‍ കാശുണ്ടാക്കാന്‍ പറ്റും. ഇത് ഒരു തൊഴിലായി എടുക്കുകയാണ്. ഒരു സെലിബ്രിറ്റിയെ പേരെടുത്ത് വിളിച്ച് അപമാനിക്കുന്നു. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ ഓരോന്ന് ഓരോന്നായി വരുന്നത്.
മനസ് നൊന്ത് ഒരു ചോദ്യം ചോദിക്കട്ടെ ഞാന്‍ റേപ്പ് ചെയ്യുന്ന ആളാണോ?. ഒരു സ്ത്രീയെ ഒരാള്‍ ഒന്നര രണ്ടുവര്‍ഷം റേപ്പ് ചെയ്തുകൊണ്ടിരിക്കുമോ? ഒരാളെ ഒരു തവണ ചെയ്താല്‍ അല്ലേ റേപ്പ്. ഞാന്‍ ഒരു കിഡ്‌നി രോഗിയാണ്. ഓപ്പറേഷന്‍ കഴിഞ്ഞപ്പോഴാണ് എലിസബത്ത് വന്നത്. കഴിഞ്ഞ ഒന്നരക്കൊല്ലം എലിസബത്ത് എവിടെയായിരുന്നു. പരാതി കൊടുത്തത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല',- മാദ്ധ്യമങ്ങളോട് ബാല പറഞ്ഞു.
https://www.facebook.com/Malayalivartha