പൃഥ്വിയുടെ പഴയൊരു അഭിമുഖത്തിന്റെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്...

മലയാളവും തമിഴുമെല്ലാം കടന്ന് ബോളിവുഡില്‍ വരെ പൃഥ്വി തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു, അന്യ ഭാഷകളില്‍ നിന്നുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരെ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. തന്റെ പുതിയ ചിത്രമായ എംപുരാന്റെ പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ പൃഥ്വിരാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എംപുരാന്‍.
'ഊണിലും ഉറക്കത്തിലും എന്തിന് ശ്വാസമെടുക്കുമ്പോള്‍ പോലും പൃഥ്വിയ്ക്ക് സിനിമ എന്ന ഒറ്റ ചിന്തയേ ഉള്ളൂ'- കഴിഞ്ഞ ദിവസം എംപുരാന്റെ മുംബൈയില്‍ വച്ചു നടന്ന ഐമാക്‌സ് റിലീസ് ഇവന്റില്‍ നടന്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിത്. ലാലേട്ടന്റെ ഈ വാക്കുകളില്‍ തന്നെയുണ്ട് പൃഥ്വിരാജിന് സിനിമയോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന്. നടന്‍ എന്ന ലേബലിനപ്പുറം താന്‍ മികച്ച സംവിധായകനും നിര്‍മാതാവും കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.
ഇപ്പോഴിതാ പൃഥ്വിയുടെ പഴയൊരു അഭിമുഖത്തിന്റെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. 2006 ലെ അഭിമുഖമാണ് ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ അംബാസഡര്‍ഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. നാളെ ഞാന്‍ കാരണം മലയാള സിനിമ നാല് പേര്‍ കൂടുതല്‍ അറിഞ്ഞാല്‍, അതാണ് എന്റെ ഏറ്റവും വലിയ നേട്ടം. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നോ, തമിഴ്, ഹിന്ദി, തെലുങ്ക് ഇവിടെയൊക്കെ എനിക്ക് അഭിനയിക്കണം. ഇവിടെയെല്ലാം ഞാന്‍ വലിയ സ്റ്റാറുമാകണം.
എന്നിട്ട് നാളെ അവിടുത്തെ ഒരു വലിയ സ്റ്റാറിന്റെ ഒരു അന്യഭാഷാ ചിത്രം, അവിടുത്തെ തിയറ്ററില്‍ റിലീസ് ആകുമ്പോള്‍ അവര്‍ തിയറ്ററില്‍ പോയി അത് കാണണം.. അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. എനിക്ക് മലയാള സിനിമയുടെ അംബാസഡര്‍ സ്ഥാനം വഹിക്കണം.- പൃഥ്വി പറഞ്ഞു. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.
'അന്ന് ഇത് പറഞ്ഞപ്പോ അഹങ്കാരി എന്ന് മുദ്രകുത്തി, ഇന്ന് അയാളുടെ പടത്തിന് ടിക്കറ്റ് കിട്ടാന്‍ ഓടുന്നു', 'ഇങ്ങേര് തന്നെ ഇല്ലുമിനാറ്റി', 'രാജപ്പാ.. എന്ന് വിളിച്ചിരുന്നവരെ കൊണ്ട് രാജുവേട്ടാ... എന്ന് അയാള്‍ എന്ന് മുതല്‍ വിളിപ്പിച്ച് തുടങ്ങിയോ അന്ന് മുതല്‍ അയാള്‍ ഒരു സക്‌സസ്ഫുള്‍ പെഴ്‌സണ്‍ ആയി മാറി', 'സിനിമ ഇന്‍ഡസ്ട്രിയല്‍ നിന്നും എടുത്തു കളയാന്‍ നോക്കിയ മുതല്‍. ഇന്ന് ഇന്‍ഡസ്ട്രി എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നയാള്‍'- എന്നൊക്കെയാണ് ഭൂരിഭാഗം പേരും വിഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha