കഞ്ചാവ് ഉപയോഗിക്കുമെന്ന് സമ്മതിച്ച് വേടൻ; നിയമ നടപടിക്ക് ശേഷം വിട്ടയക്കും...

ബോബ് മാർലിയുടെ നീളൻ മുടിയും, താടിയും, ചുരുട്ടും മറ്റും എങ്ങനെയാണോ ആഗോള തലത്തിൽ പ്രതിരോധങ്ങളുടെ രാഷ്ട്രീയ ചിഹ്നങ്ങളായി മാറിയത്, സമാനമായി കേരളീയ പശ്ചാത്തലത്തിൽ ഇരുണ്ടു മെലിഞ്ഞ ശരീരവും, കറുത്ത വസ്ത്രങ്ങളും, ചിലപ്പോൾ മേൽവസ്ത്രം ഇല്ലാതെയുമൊക്കെ സദാചാര സങ്കല്പങ്ങളെയും പൊതുബോധത്തെയും വെല്ലുവിളിച്ചു കൊണ്ട് റാപ്പിലൂടെ കീഴാളതയുടെ, യുവത്വത്തിന്റെ ബിംബമായി വേടൻ മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി എന്ന വാർത്തയാണ് പുറത്ത് വന്നത്.
കൊച്ചിയിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്. വേടൻ എന്നു വിളിക്കുന്ന ഹിരൺ ദാസ് മുരളിയും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് ഹിൽപാലസ് സിഐ അറിയിച്ചു. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടൻ സമ്മതിച്ചിട്ടുണ്ട്. വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ഫ്ലാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു. വിവരം കിട്ടി എത്തിയപ്പോൾ ഇവർ വിശ്രമത്തിലായിരുന്നു. അറസ്റ്റ് ചെയ്തിട്ടുണ്ട്, നിയമ നടപടിക്ക് ശേഷം വിട്ടയക്കും. വിവരം കിട്ടിയ ഉറവിടം വെളിപ്പെടുത്തുന്നില്ലെന്നും സിഐ പറഞ്ഞു.
https://www.facebook.com/Malayalivartha