വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ അന്തരിച്ചു.... ഇന്ന് രാവിലെ 10ന് കലാഭവനില്‍ പൊതുദര്‍ശനം, വൈകുന്നേരം നാലിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കാരം

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ (73) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ഭാര്യ അനസൂയയും മക്കളും അടുത്തുണ്ടായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ 10ന് കലാഭവനില്‍ പൊതുദര്‍ശനം. വൈകുന്നേരം നാലിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കാരം.
'പിറവി'യാണ് ഷാജി (1988) സംവിധാനം ചെയ്ത ആദ്യ ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നിവ കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.
ലോകസിനിമയിലെ അപൂര്‍വ നേട്ടമാണിത്. അദ്ഭുതമായിരുന്നു 'പിറവി'. ഒരു ഇന്ത്യന്‍ സിനിമയും ഇത്രയേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. നാല് ദേശീയ അവാര്‍ഡുകളും വിഖ്യാതമായ ചാര്‍ളി ചാപ്ലിന്‍ അവാര്‍ഡും പിറവിക്കു ലഭിച്ചു. കാനില്‍ ക്യാമറ ഡി ഓര്‍ പ്രത്യേക പരാമര്‍ശവും നേടി.
കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി. ഏഴു വീതം ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരങ്ങളും നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ 'ദ ഓര്‍ഡര്‍ ഒഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സും' ലഭ്യമായി. 2011ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി സംസ്ഥാനം ആദരിച്ചത് ഈമാസം 16നായിരുന്നു.
"
https://www.facebook.com/Malayalivartha