തോമസുകുട്ടീ വിട്ടോടാ... ആരാ ഈ മേതില്‍ ദേവിക?
പ്രണയം അതിന് പ്രായമില്ലെന്നാണ് പറയുന്നത്. പ്രണയം സാഫല്യമാകുന്നത് വിവാഹത്തോടെയും. അത് അറിയപ്പെടുത്ത ആള്‍ക്കാരാകുമ്പോള്‍ കേള്‍ക്കാന്‍ നാട്ടുകാര്‍ക്കും സുഖമാണ്. പ്രശസ്‌തനടന്‍ മുകേഷും പ്രശസ്‌ത നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി.
സിനിമാക്കാരുടെ വയസും പുരുഷന്മാരുടെ ജോലിയും ചോദിക്കരുതെന്നാണ് നാട്ടു നടപ്പെങ്കിലും വിവാഹമാകുമ്പോള്‍ പ്രായം പറഞ്ഞേ പറ്റൂ. അങ്ങനെ സാധാരണ മലയാളികളുടെ ആകാംക്ഷകൊണ്ട് ഈ ദമ്പതികളുടെ പ്രായം ഒരു രസത്തിന് നോക്കി. മുകേഷ് ബാബു എന്ന മുകേഷിന്റെ പ്രായം 53 (ജനനം: മാര്‍ച്ച് 5 1960) മേതില്‍ ദേവികയുടെ വയസ് 36 വയസ്.
മുകേഷിന്റെ പഴയ വിവാഹ കഥയൊക്കെ നമുക്കറിയാം. പ്രശസ്‌ത നടിയായ സരിതയുമായി മുകേഷ് അടുത്തതും വിവാഹം കഴിച്ചതും 2007ല്‍ ബന്ധം വേര്‍പെടുത്തിയതും അവര്‍ക്ക് 2 കുട്ടികളുള്ളതുമെല്ലാം അറിയാം.
എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിച്ച മേതില്‍ ദേവികയാരാ?
പാലക്കാട്ടെ പുതിയങ്കത്തെ പ്രശസ്‌തമായ മേതില്‍ തറവാട്ടില്‍ നിന്നാണ് മേതില്‍ ദേവികയുടെ വരവ്. എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്‌ണന്‍ ദേവികയുടെ അമ്മാവനും പ്രശസ്‌ത സാഹിത്യകാരന്‍ വികെഎന്‍ ദേവികയുടെ അമ്മയുടെ സഹാദരി ഭര്‍ത്താവുമായിരുന്നു.
ദേവികയുടെ അച്ഛന്‍ യുഎഇയില്‍ ടെലികമ്മൂണിക്കേഷന്‍ എഞ്ചിനിയറായിരുന്നു. ആയതിനാല്‍ ദേവികയും കുടുംബവും നന്നേ ചെറുപ്പത്തിലേ വിദേശത്തായിരുന്നു. അങ്ങനെ ദേവികയുടെ പഠനം ഗള്‍ഫിലായി. 4 വയസുമുതലേ നൃത്തം അഭ്യസിച്ചു.
മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എംബിഎ നേടി.
നൃത്തത്തിനോടുള്ള അമിതമായ സ്‌നേഹത്തിന് അച്ഛനമ്മമാരുടെ സമ്മതം കൂടിയായപ്പോള്‍ ദേവിക ആധികാരികമായി നൃത്തമഭ്യസിച്ചു. അങ്ങനെ കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ ഡാന്‍സില്‍ ഗോള്‍ഡ് മെഡല്‍ നേടി.
തുടര്‍ന്ന് നൃത്തത്തില്‍ ഗവേഷണം നടത്തുകയും അത് അംഗീകരിക്കുകയും ചെയ്‌തു. ഇതിനിടെ ദേവിക ലോകമെമ്പാടും അറിയപ്പെടുന്ന മോഹിനിയാട്ട നര്‍ത്തകിയുമായി. കലാമണ്‌ഡലത്തിലെ അധ്യാപിക കൂടിയാണ് ദേവിക.
മോഹിനിയാട്ടത്തിനൊപ്പം ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും വൈദഗ്‌ദ്ധ്യം നേടിയ പ്രതിഭയാണ്. കേന്ദ്രസംഗീത നാടക അക്കാദമി തെരഞ്ഞെടുത്ത സ്വര്‍ണ നൃത്യപ്രതിഭയുമാണ് ദേവിക. പെര്‍ഫോമിങ് ആര്‍ട്‌സില്‍ യു.ജി.സിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്‌റ്റ് പാസായ ആദ്യകേരള നര്‍ത്തകി. 2007ലെ യുവപ്രതിഭകള്‍ക്കുള്ള ഉസ്‌താദ് ബിസ്‌മില്ലാഖാന്‍ പുരസ്‌കാരം നേടി.
അമേരിക്ക, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍, ഗ്രീസ്, ഗള്‍ഫ്‌നാടുകള്‍ ഇവിടങ്ങളിലെല്ലാം നിരവധി നൃത്തപരിപാടികള്‍ , പ്രബന്ധാവതരണം, ലക്‌ചര്‍ ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടു നടത്തിയ എണ്ണമറ്റ യാത്രകള്‍ .
പല റിയാലിറ്റി ഷോകളിലൂടെയും ജഡ്‌ജായി വന്ന ദേവികയെ മലയാളികള്‍ക്ക് പരിചിതവുമാണ്.
ദേവികയുടെ സൗന്ദര്യവും നടനവുമെല്ലാം നിരവധി സിനിമാ ഓഫറുകളും കൊണ്ടു വന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ലക്ഷ്‌മി ഗോപല സ്വാമി ചെയ്‌ത വേഷം ദേവികയ്‌ക്കുള്ളതായിരുന്നു. എന്നാല്‍ ദേവിക അതൊന്നും സ്വീകരിച്ചില്ല.
ഇതിനിടയ്‌ക്ക് വിവാഹവും കഴിച്ചു. കലാരംഗത്ത് ഭര്‍ത്താവിന്റെ മികച്ച സപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇടയ്‌ക്ക് വച്ച് ഇവര്‍ വഴിപിരിയുകയായിരുന്നു. ഇവര്‍ക്ക് ഒരു മകനുണ്ട്.
ഇങ്ങനെ കലാമണ്‌ഡലത്തില്‍ ജോലിചെയ്യുന്ന വേളയിലാണ് മുകേഷ് സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് വരുന്നത്. അങ്ങനെ മുകേഷുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. മരടിലെ മുകേഷിന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹം. മരടിലെ സബ് രെജിസ്ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം രെജിസ്റ്റര്‍ ചെയ്തു. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തി.
അങ്ങനെ ഈ അതുല്യ കലാകാരി നമ്മുടെ പ്രയതാരം മുകേഷിന്റെ പത്‌നിയായികഴിഞ്ഞു. അതിനാല്‍ ഇനി നില്‍ക്കണ്ട, തോമസുകുട്ടീ വിട്ടോടാ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha