ഡോക്ടറും സര്‍ക്കസുകാരിയും എയര്‍ഹോസ്റ്റസും ഒക്കെ ആകാന്‍ ആഗ്രഹിച്ച സ്വാതി റെഡ്ഡി ഒടുവില്‍ നടിയായി
കുട്ടിക്കാലത്ത് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം, പഠിക്കുന്നകാലത്ത് ഒരിക്കല്‍ സര്‍ക്കസ് കാണാന്‍ പോയി പിന്നെ അതിനോടായി കമ്പം. കൗമാരത്തിലെത്തിയപ്പോള്‍ എയര്‍ഹോസ്റ്റസ് ആവാന്‍ കൊതിച്ചു. ജീവിതത്തില്‍ ചെയ്യാനാഗ്രഹിച്ച വേഷങ്ങളെല്ലാം ഇപ്പോള്‍ സിനിമയില്‍ അഭിനയിച്ച് തീര്‍ക്കുകയാണ്- സ്വാതി റെഡ്ഡി പറഞ്ഞു.
മലയാളം കട്ടി
മലയാളം ഡയലോഗുകള്‍ പറയാന്‍ പ്രയാസമാണ്. എങ്കിലും കഷ്ടപ്പെട്ട് പഠിക്കും. സ്റ്റാര്‍ട്ട് എന്ന് കേള്‍ക്കുമ്പോള്‍ ഞാനാകെ മാറും. ഡയലോഗുകള്‍ അറിയാതെ മനസില്‍ നിന്ന് നാവിലേക്ക് വരും. സുബ്രഹ്മണ്യപുരം തമിഴ്‌നാട്ടിലേതു പോലെ കേരളത്തിലും വലിയ ഹിറ്റായിരുന്നു. അത് അറിഞ്ഞപ്പോള്‍ സന്തോഷം. ആമേന്‍, 24 നോര്‍ത്ത് കാതം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ കേരളത്തില്‍ കൂടുതല്‍ സ്വീകാര്യത എനിക്ക് ലഭിച്ചു. കൂടുതല്‍ നല്ല ചിത്രങ്ങള്‍ ചെയ്യണമെന്നുണ്ട്.
കഥയും കഥാപാത്രങ്ങളും പ്രധാനം
അന്യഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പ്രത്യേകം പ്രാധാന്യം നല്‍കുന്നുണ്ട്. ഇപ്പോള്‍ കന്നടയിലൊക്കെ ഈ മാറ്റം കാണാം. എണ്‍പതുകളിലെ മലയാളസിനിമകളുടെ കഥകള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.ബാലചന്ദിര്‍, ബാലുമഹേന്ദ്ര, മഹേന്ദ്രന്‍, ഭാരതിരാജ എന്നിവരുടെ സിനിമകളും വിസ്മയമാണ്. ടൈറ്റാനിക്, ബ്രേവ്ഹാര്‍ട്ട്, മില്യണ്‍ ഡോളര്‍ബേബി എന്നീ ഹോളീവുഡ് ചിത്രങ്ങള്‍ കണ്ട് കോരിത്തരിച്ച് പോയി.
അടുത്തത് ആസിഫ്
ഫഹദുമായി രണ്ടു ചിത്രങ്ങള്‍ ചെയ്തു. ഒരു ചിത്രം വിജയിച്ചാല്‍ അതിലെ താരങ്ങളെ വച്ച് വീണ്ടും സിനിമയെടുക്കുന്നത് എല്ലാ ഇന്‍ഡസ്ട്രിയിലെയും സ്ഥിരം ഫോര്‍മുലയാണ്. ഓര്‍ഡിനറിക്ക് ശേഷം ചാക്കോച്ചന്റെയും ബിജുമേനോന്റെയും എത്ര ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഫഹദ് ശ്രദ്ധയോടെ കരിയര്‍ കൊണ്ടുപോകുന്ന നടനാണ്. അടുത്ത ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍.
അമ്മയാണ് എല്ലാം
അച്ഛന്‍ മര്‍ച്ചന്റ് നേവിയിലാണ്. കുട്ടിക്കാലം മുതലേ അമ്മയാണ് എന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇപ്പം ലൊക്കേഷനുകളില്‍ കൂട്ടുവരുന്നതും അമ്മയാണ്. എല്ലാ കാര്യങ്ങളും വീട്ടില്‍ ചര്‍ച്ച ചെയ്യും. ഗോസിപ്പുകളെ ഭയക്കാത്തത് അതുകൊണ്ടാണ്. വീട്ടില്‍ ഇരിക്കുമ്പോള്‍ പുസ്തകം വായനയാണ് പരിപാടി. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ എല്ലാ കളക്ഷനും വാങ്ങും. ഹാരീപോര്‍ട്ടര്‍ പുസ്തകമാണ് സിനിമയേക്കാള്‍ നല്ലത്.
https://www.facebook.com/Malayalivartha