നടന്‍ ദിലീപ് മഞ്‌ജു വാര്യരില്‍ നിന്ന് വിവാഹമോചനത്തിന് ഹര്‍ജി നല്‍കി; ഹര്‍ജിയില്‍ മഞ്‌ജുവിനെതിരെ ഗുരുതര ആരോപണങ്ങള്‍
പ്രശസ്‌ത മലയാള ചലച്ചിത്ര നടന്‍ ദിലീപ് ഭാര്യ മഞ്‌ജുവാര്യരില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയിലെ വിചാരണയും മറ്റും രഹസ്യമായി നടത്തണമെന്നാണ് അഡ്വക്കേറ്റ് ഫിലിപ്പ് ടി. വര്‍ഗ്ഗീസ് മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഞ്‌ജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്.
മഞ്‌ജുവും താനും വളരെനാളുകളായി പിരിഞ്ഞ് കഴിയുകയാണെന്നും മഞ്‌ജുവില്‍ നിന്ന് മാനസിക പീഡനം ഉണ്ടായതായും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഇരുവരും അറിയപ്പെടുന്ന സിനിമാ താരങ്ങളായതിനാല്‍ തന്നെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വിവരങ്ങള്‍ ഒന്നും പുറത്തു വിടരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത മാസം 23നാണ് ദിലീപിന്റെ ഹര്‍ജി കുടുംബക്കോടതി പരിഗണിക്കുന്നത്. അന്നേദിവസം കോടതിയില്‍ ഹാജരാകണമെന്ന് മഞ്ജു വാര്യരോട് കോടതി ആവശ്യപ്പെടും. കഴിഞ്ഞ ഒരുവര്‍ഷമായി അകന്നു കഴിയുന്ന താരജോഡികള്‍ അവസാനം വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപ് മഞ്ജു വാര്യര്‍ ദമ്പതികളുടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. തന്റെ പാസ്‌പോര്‍ട്ടിലെ പേരില്‍ നിന്ന് ദിലീപിന്റെ പേര് നീക്കം ചെയ്യുന്നതിന് മഞ്‌ജു വാര്യര്‍ അപേക്ഷ നല്‍കിയതോടെ ഇരുവരും അകല്‍ച്ചയിലാണെന്ന വാര്‍ത്ത ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഒരു അഭിമുഖത്തിലും ദിലീപും മഞ്‌ജുവുമായി അകന്നാണ് കഴിയുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
1996-97 കാലത്തിറങ്ങിയ സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം, തൂവല്‍ക്കൊട്ടാരം തുടങ്ങി നാല് ചിത്രങ്ങളില്‍ മാത്രം ഒന്നിച്ചഭിനയിച്ച ദിലീപും മഞ്ജു വാര്യരും 1998ലാണ് വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ അഭിനയ ജീവിതത്തോട് പൂര്‍ണ്ണമായി വിട പറഞ്ഞ മഞ്ജു വാര്യര്‍ 1999ല്‍ പുറത്തുവന്ന പത്രം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹശേഷമാണ് ദിലീപ്- മഞ്ജു ബന്ധത്തില്‍ വിള്ളലുണ്ടാക്കിയ ദിലീപ്- കാവ്യ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവരുന്നത്.
1999ല്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി 2011 പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി വരെ പതിനേഴോളം ചിത്രങ്ങളില്‍ ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ചു. ഇരുവരും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പല സമയങ്ങളില്‍ പുറത്തുവരുകയും ചെയ്തു. ദിലീപിന്റെ പല ബിസ്‌നസ് സംരംഭങ്ങളിലും കാവ്യ മാധവന് പങ്കുണ്ടെന്നും ദിലീപിന്റെ നിരന്തരമായുള്ള ഫോണ്‍ കോളുകളാണ് കാവ്യ മാധവന്റെ വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് വരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം മഞ്ജു- ദിലീപ് ബന്ധത്തില്‍ വിള്ളലുണ്ടാക്കി. അതിനിടയിലാണ് മഞ്ജു വാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നൃത്തത്തില്‍ അരങ്ങേറ്റം നടത്തിയത്. ഇതോടെ മഞ്ജു വാര്യര്‍ സിനിമാരംഗത്തേത്ത് തിരിച്ച് വരുകയാണെന്ന ആഭ്യൂഹം ശക്തമായി. ഇതിനെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ച രൂക്ഷമായത്.
നൃത്തത്തിലെ അരങ്ങേറ്റത്തെ തുടര്‍ന്ന് പരസ്യചിത്രങ്ങളിലും മറ്റും സജീവമായ മഞ്ജു വാര്യര്‍ 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവും നടത്തി. സിനിമ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ദിലീപ് മഞ്ജു വാര്യര്‍ കുടുംബത്തിന്റെ ഔദ്യോഗികമായ വേര്‍പിരിയലിന് നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമ്പോള്‍ ഈ താര ദമ്പതികളുടെ 14 വര്‍ഷത്തെ കുടുംബജീവിതത്തിനാണ് തിരശീല വീഴുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha