\'കത്തി\' വിവാദം കത്തുന്നു..റിലീസിംഗ് വൈകാന്‍ സാധ്യത : തിയറ്ററുകള്‍ക്ക് നേരെ ആക്രമണം
ആരാധകര്‍ കാത്തിരിക്കുന്ന ഇളയ ദളപതി ചിത്രം കത്തിയുടെ റിലീസിംഗ് അനിശ്ചിതത്വത്തിലെന്ന് സൂചന. ചിത്രം നാളെ റിലീസിംഗിനിരിക്കെ തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ക്കു നേരേ ആക്രമണം. ചിത്രത്തിന്റെ നിര്‍മ്മാതാവിന് ശ്രീലങ്കന്‍ പ്രസിഡന്റുമായി ബന്ധമുണ്ടെന്ന പേരിലാണ് തമിഴ്‌സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ തമിഴ് അനുകൂല സംഘടനകള്‍ നിലപാട് ശക്തമാക്കിയതോടെ പ്രദര്‍ശനവും ഭീഷണി നിഴലിലായി.
ചെന്നൈയിലെ പ്രമുഖ മള്‍ട്ടി പ്ലക്‌സുകളിലൊന്നായ സത്യം സിനിമാസ് കത്തിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തമിഴ് സംഘടനാ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. ഗ്ലാസ് പാനലുകള്‍ തകര്‍ത്ത അക്രമിസംഘം മള്‍ട്ടിപ്ലക്‌സിനുളളിലേക്ക് മണ്ണെണ്ണ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സിനിമയുടെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് തമിഴ്‌സംഘടനകളുടെ പ്രതിഷേധത്തിനു പിന്നില്‍. ലൈക്കയുടെ ചിഹ്നം ബാനറില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന ഉറപ്പ് നല്‍കി പ്രശ്‌നപരിഹാരം കണ്ട ആശ്വാസത്തിലായിരുന്നു നിര്‍മ്മാതാക്കള്‍. എന്നാല്‍ പെട്ടെന്നുണ്ടായ പ്രകോപനം ദീപാവലി റിലീസിനെ ബാധിക്കുമെന്ന ആശങ്കയാണിപ്പോള്‍ ഉയരുന്നത്.
നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും ഇന്ന് തമിഴ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ശ്രീലങ്കന്‍ പ്രസിഡന്റുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന നിര്‍മ്മാതാക്കളായ ലൈക്കയുടെ പേര് തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ ടൈറ്റിലില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നടന്‍ വിജയ് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് തമിഴ് സംഘടനകളുടെ വാദം. വിജയ് ഇരട്ട വേഷത്തിലഭിനയിക്കുന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha