നയന്‍താരയുടേയും അസിന്റേയും വഴിയേ നസ്രിയയും
മലയാളികളായ പല നായികമാരും തെന്നിന്ത്യന്‍ സിനിമകളിലേക്ക് ചേക്കേറിയിട്ടുണ്ട്. ഉയര്‍ന്ന പ്രതിഫലവും കഴിവിനൊത്ത അവസരവും താര പ്രഭയുമെല്ലാം മലയാളികളെ തമിഴിലേക്ക് ആകര്‍ഷിക്കാറുണ്ട്. നമ്മുടെ നയന്‍ താരയും അസിനും തന്നെ ഏറ്റവും വലിയ ഉദാഹരണം. തെന്നിന്ത്യന്‍ സിനിമയുടെ ഉന്നതിയിലേക്ക് നമ്മുടെ മറ്റൊരു യുവ താരം കൂടി കടക്കുകയാണ്. മറ്റാരുമല്ല നമ്മുടെ നസ്രിയ നസീം എന്ന നസ്രിയ. നേരം എന്ന മലയാള ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് തമിഴില്‍ നിന്നും നിരവധി ഓഫറുകളാണ് നസ്രിയയെ തേടിയെത്തുന്നത്. ഇപ്പോള്‍ തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ നായികയാവാനുള്ള ഒരുക്കത്തിലാണ് നസ്രിയ. നെയ്യാണ്ടി എന്നാണ് ചിത്രത്തിന്റെ പേര്.
ബ്ലസി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രമായ പളുങ്കില്‍ ഗീതു എന്ന വേഷത്തോടെയാണ് നസ്രിയ സിനിമാലേകത്തെത്തിയത്. ദുബായില്‍ നിന്നും പിന്നീട് തിരുവനന്തപുരത്തേക്ക് നസ്രിയ താമസം മാറ്റി. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ അവതാരകയായി ഏറെ ജനശ്രദ്ധ നേടിയിരുന്നു. 2010ലെ ബി. ഉണ്ണികൃഷ്‌ണന്റെ പ്രമാണി, ടി.കെ. രാജീവ്‌കുമാറിന്റെ ഒരുനാള്‍വരും എന്നീ ചിത്രങ്ങളില്‍ നസ്രിയ അഭിനയിച്ചിരുന്നു. 2012ല്‍ മാഡ് ഡാഡ് എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്‌തു. എന്നാല്‍ അടുത്തിടെ റിലീസായ നിവിന്‍ പോളിയോടൊപ്പമുള്ള നേരം എന്ന ചിത്രം നസ്രിയക്ക് ഒരുപാട് പ്രശസ്‌തി നേടിക്കൊടുത്തു.
ധനുഷ് ചിത്രമായ നെയ്യാണ്ടിക്ക് പുറമേ തമിഴില്‍ നിന്നും നിരവധി ഓഫറുകളുമുണ്ട്. ആദ്യം നസ്രിയ തമിഴില്‍ അഭിനയിക്കുന്നത് നവാഗതനായ അനീഷ് സംവിധാനം ചെയ്യുന്ന തിരുമണം എന്ന നിക്കാഖ് എന്ന ചിത്രത്തിലാണ്. ജയ് ആണ് നായകന്‍. ആര്യയും നയന്‍താരയും ഒന്നിക്കുന്ന രാജ റാണിയിലും നസ്രിയക്ക് ഒരു പ്രധാന വേഷമുണ്ട്.
തിരുവനന്തപുരത്തെ തിരുവല്ലത്തെ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ഇപ്പോള്‍ പ്ലസ് ടുവിന് പഠിക്കുകയാണ് നസ്രിയ. പഠനത്തോടൊപ്പം സിനിമയും കൊണ്ടുപോകാനാണ് നസ്രിയയുടെ ശ്രമം. എന്തായാലും മലയാളത്തെ ഒരിക്കലും അവഗണിക്കില്ലെന്നും തമിഴിലെ നല്ല വേഷങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ് നസ്രിയ പറയുന്നത്.
https://www.facebook.com/Malayalivartha